Advertisement

‘തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്കുളളിലെ വിയോജിപ്പ് തുറന്നുപറയാന്‍ പാടില്ലായിരുന്നു’; സന്ദീപ് വാര്യര്‍ക്കെതിരെ മേജര്‍ രവി

November 16, 2024
Google News 1 minute Read

സന്ദീപ് വാര്യര്‍ക്കെതിരെ മേജര്‍ രവി. തെരഞ്ഞെടുപ്പ് കാലത്ത് സന്ദീപ് വാര്യർ പാര്‍ട്ടിക്കുളളിലെ വിയോജിപ്പ് തുറന്നുപറയാന്‍ പാടില്ലായിരുന്നെന്ന് മേജര്‍ രവി ട്വന്റിഫോറിനോട് പറഞ്ഞു. കേഡര്‍ പാര്‍ട്ടി സ്വഭാവം മനസിലാക്കേണ്ടതായിരുന്നു. അഭിപ്രായം തുറന്ന് പറയേണ്ട ഘട്ടം മറ്റൊന്ന് ആയിരുന്നു. സന്ദീപിനോട് വ്യക്തപരമായി സംസാരിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. പാര്‍ട്ടിയിലേക്ക് മടങ്ങി വരാന്‍ സന്ദീപ് എവിടേയും പോയിട്ടില്ല. സന്ദീപ് വാര്യരുമായുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിച്ചുവരികയാണെന്നും മേജര്‍ രവി ട്വന്റി ഫോറിനോട്‌ പ്രതികരിച്ചു.

അതേസമയം പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന സന്ദീപ് വാര്യര്‍ക്കെതിരേ ബി.ജെ.പി. നടപടിക്കൊരുങ്ങുന്നുവെന്നാണ് വിവരം .തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഉപതിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ടുനിന്നതും പരസ്യ പ്രതികരണങ്ങളും അച്ചടക്ക ലംഘനമായി കണക്കാക്കിയാകും നടപടി. പാര്‍ട്ടി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടും സന്ദീപ് കടുംപിടുത്തം തുടര്‍ന്നു എന്നാണ് വിമര്‍ശനം.

സന്ദീപ് അതൃപ്തികള്‍ ഉന്നയിച്ചപ്പോള്‍ അത് പരിഹരിക്കാനായി പാര്‍ട്ടി ശ്രമിച്ചിരുന്നു. ആര്‍.എസ്.എസ് നേതൃത്വം തന്നെ സന്ദീപുമായി ചര്‍ച്ചകള്‍ നടത്തി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നേരിട്ട് പോയി സന്ദീപുമായി സംസാരിച്ചു. ചിലകാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് വരെ നേതൃത്വം സന്ദീപിനോട് പറഞ്ഞു. എന്നിട്ടും സന്ദീപ് കടുംപിടുത്തം തുടരുകയായിരുന്നു. അതിനാലാണ് നടപടിക്ക് നിര്‍ബന്ധിതരായതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ ഇത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങില്ലെന്ന നിലപാടിലാണ് സന്ദീപ്. നടപടിയുണ്ടായാല്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയുമെന്ന സൂചനയും സന്ദീപ് നല്‍കുന്നുണ്ട്. തന്നെ അപമാനിച്ച നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സന്ദീപ്. അല്ലാതെ പാര്‍ട്ടി വേദികളിലേക്കില്ലെന്നും സന്ദീപ് വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights : Major Ravi against Sandeep Varier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here