Advertisement

‘മലപ്പുറത്തിന്റേത് മതനിരപേക്ഷതയുടെ പാരമ്പര്യം’; പാണക്കാട്ടെത്തി ലീഗ് നേതാക്കളെ കണ്ട് സന്ദീപ് വാര്യര്‍

November 17, 2024
Google News 3 minutes Read
Sandeep Varier at panakkad house to meet league leader

ബിജെപിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഇന്നലെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാണക്കാടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും സന്ദീപ് കൂടിക്കാഴ്ച നടത്തി. പി കെ ഫിറോസ്, നജീബ് കാന്തപുരം ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു. പ്രസംഗങ്ങളിലും ചാനല്‍സംവാദങ്ങളിലും ഉള്‍പ്പെടെ ന്യൂനപക്ഷ വിരുദ്ധത സംസാരിച്ചുവെന്ന് ആരോപണം നേരിട്ട സന്ദീപ് വാര്യര്‍ ഈ കൂടിക്കാഴ്ചയിലൂടെ മുന്‍ നിലപാടുകളെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഒരു ശക്തമായ രാഷ്ട്രീയ പ്രഖ്യാപനമാണ് ലക്ഷ്യം വയ്ക്കുന്നത്. മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ( Sandeep Varier at panakkad house to meet league leader)

മലപ്പുറത്തിന് മതനിരപേക്ഷതയുടെ സംസ്‌കാരം കിട്ടുന്നതില്‍ പാണക്കാട് തറവാടിന് വലിയ പങ്കുണ്ടെന്ന് സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. പിതാവിന് ജോലി മലപ്പുറത്തായിരുന്നു. ബാല്യം ഇവിടെയായതിനാല്‍ മലപ്പുറവുമായി പൊക്കിള്‍ കൊടി ബന്ധമാണ് തനിക്കുള്ളത്. മലപ്പുറത്തിന്റെ മാനവിക സൗഹാര്‍ദം ലോകത്തിന് തന്നെ മാതൃകയാണ്. തളി ക്ഷേത്രത്തിന്റെ വാതില്‍ കത്തിനശിച്ചപ്പോള്‍ അവിടേക്ക് ആദ്യം ഓടിയെത്തിവര്‍ പാണക്കാട് കുടുംബത്തില്‍ നിന്നുള്ളവരാണ്. അത് അത്ഭുതത്തോടെ കണ്ടുനിന്നിട്ടുണ്ട്. ഏത് സമയത്തും ആളുകള്‍ക്ക് സഹായം ചോദിച്ച് ഓടിയെത്താനാകുന്ന ഹൃദയവിശാലതയുള്ള തറവാടാണ് പാണക്കാടെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Read Also: മണ്ണഞ്ചേരിയുടെ ഉറക്കം കെടുത്തിയിരുന്നത് ഇന്നലെ പിടികൂടിയ സന്തോഷ് ശെല്‍വം തന്നെ; കുറുവാപ്പേടിയില്‍ അല്‍പ്പം ആശ്വാസം

താന്‍ ബിജെപിയിലുണ്ടായിരുന്ന സമയത്ത് നടത്തിയ പ്രസ്താവനകള്‍ ചില വിഭാഗങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരുടെ തെറ്റിദ്ധാരണകള്‍ മാറാന്‍ പാണക്കാട്ടെ അനുഗ്രഹം തേടിയുള്ള തന്റെ ഈ വരവ് സഹായിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി സന്ദീപ് വാര്യര്‍ പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങളില്‍ മതപരമായ എന്തങ്കിലും വേര്‍തിരിവ് കാണിക്കുന്നയാളല്ല താനെന്ന് തന്റെ നാട്ടിലെ ലീഗ് പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ അറിയാമെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പഴയ പാര്‍ട്ടിയിലെ ആളുകള്‍ കുഞ്ഞാലിക്കുട്ടിയുടെ ലാളിത്യം കണ്ട് പഠിച്ചിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. വലിയ കസേര കിട്ടട്ടേ എന്ന് ചിലര്‍ തന്നെ പരിഹസിച്ചു. തനിക്ക് പാണക്കാട് തങ്ങള്‍ക്കൊപ്പം ഇരിക്കാന്‍ കസേര കിട്ടിയതാണ് വലിയ കാര്യമായി കാണുന്നതെന്നും സന്ദീപ് മറുപടി പറഞ്ഞു. എം ബി രാജേഷിന്റെ അസഹിഷ്ണുത കാണുമ്പോള്‍ ഭയം തോന്നുന്നു. തന്നെ കൊല്ലാന്‍ സിപിഐഎം- ബിജെപി സംയുക്ത ഇന്നോവ അയയ്ക്കുമോ എന്ന് ഭയക്കുകയാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

Story Highlights : Sandeep Varier at panakkad house to meet league leader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here