Advertisement

‘മുനമ്പത്തെ പാവങ്ങള്‍ക്ക് സര്‍ക്കാര്‍ നീതി നിഷേധിക്കുന്നു: ജുഡീഷ്യല്‍ കമ്മിഷന്‍ തീരുമാനത്തോട് പ്രതിപക്ഷത്തിന് യോജിപ്പില്ല’ ; വി ഡി സതീശന്‍

November 22, 2024
2 minutes Read
v d satheesan

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മിഷനെ വയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പത്ത് മിനിറ്റ് കൊണ്ട് സര്‍ക്കാരിന് തീര്‍ക്കാവുന്ന ഒരു വിഷയം മനപൂര്‍വം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാര്‍ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

മുസ്ലിം സംഘടനകളും ഫറൂഖ് കോളേജ് മാനേജ്‌മെന്റും പ്രശ്‌ന പരിഹാരത്തിന് എല്ലാ പിന്തുണയും നല്‍കിയ സാഹചര്യത്തില്‍ തീരുമാനം എടുക്കാനും അത് കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനും സര്‍ക്കാരിന് കഴിയുമായിരുന്നു. ഇപ്പോള്‍ ഏകപക്ഷീയമായ ഒരു തീരുമാനം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണ്. സമര രംഗത്തുള്ളവരുമായി ഗൗരവമായ ഒരു ചര്‍ച്ചയും സര്‍ക്കാര്‍ നടത്തിയില്ല. പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ട് പോകാന്‍ സര്‍ക്കാര്‍ തന്നെ വഴിയൊരുക്കുന്നത് ശരിയായ രീതിയല്ല – പ്രതിപക്ഷ നേതാവ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

സര്‍വകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ആരുമായും ആലോചിക്കാതെ ജുഡീഷ്യല്‍ കമ്മിഷന്‍ എന്ന തീരുമാനം അടിച്ചേല്‍പ്പിച്ചതിലൂടെ സര്‍ക്കാരിന് ദുരുദ്ദേശ്യങ്ങള്‍ ഉണ്ടെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞ സമയത്ത് ദൗത്യം പൂര്‍ത്തീകരിക്കാത്ത ജുഡീഷ്യല്‍ കമ്മിഷനുകളുള്ള നാടാണ് കേരളമെന്നും മുനമ്പത്തെ പാവങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതിയാണ് സര്‍ക്കാര്‍ ബോധപൂര്‍വം നിഷേധിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Story Highlights : Munambam land issue: V D Satheesan against government decision to appoint judicial commission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top