‘സന്ദീപ് വാര്യരുടെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയായി, പത്ര പരസ്യം എൽഡിഎഫിന് ഗുണം ചെയ്തു’; സി കൃഷ്ണകുമാർ
സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യം എൽഡിഎഫിന് ഗുണം ചെയ്തുവെന്ന് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ. ന്യൂനപക്ഷങ്ങൾക്കിടയിൽ സന്ദീപ് വാര്യർക്കെതിരായ വികാരമുണ്ട്. അയാൾ മുൻപ് നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയായി. ഇത് എൽഡിഎഫിന് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് നഗരമേഖലയിൽ കൂടുതൽ വോട്ടുകൾ ലഭിച്ചു. അയ്യായിരത്തിനു മുകളിൽ ഭൂരിപക്ഷത്തിന് താൻ ജയിക്കുമെന്നും കൃഷ്ണകുമാർ 24 നോട് പ്രതികരിച്ചു.
ഇതിനിടെ ഇത്തവണ എൻഡിഎയ്ക്ക് പാലക്കാട് നിന്ന് എംഎൽഎ ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിജയിക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ട്, ആത്മവിശ്വാസത്തിലാണ്. പാലക്കാട് നഗരസഭയിൽ 8,000 മുതൽ 10,000 വോട്ടിന് ലീഡ് ചെയ്യും. പാലക്കാട്ടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് യാതൊരു എതിർപ്പും ബിജെപിയോടില്ല. അവർക്കിടയിലെ വലിയൊരു വിഭാഗം ഇത്തവണ ബിജെപിക്ക് വോട്ടുചെയ്തിട്ടുണ്ട്. പാലക്കാട്ടെ ബിജെപി നേതാക്കൾക്ക് അവരുടെ ഒപ്പം നിന്ന ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ സൂര്യനുദിക്കുമ്പോൾ താമരവിരിയുമെന്നും സി കൃഷ്‌ണകുമാർ കൂട്ടിച്ചേർത്തു.
പാലക്കാട് പൊളിറ്റിക്കല്‍ വോട്ടുകള്‍ക്കൊപ്പം ക്രൈസ്തവ വിഭാഗത്തിന്റെ 6000 വോട്ടുകള്‍ കൂടി ലഭിക്കുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. അതേസമയം ഓരോ വോട്ടും കൂട്ടിയും കിഴിച്ചും കാത്തിരിക്കുകയാണ് പാലക്കാട്ടെ മൂന്ന് മുന്നണികളും. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പല അവകാശവാദങ്ങളുണ്ടെങ്കിലും, അതെല്ലാം മാറിമറിഞ്ഞേക്കുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്.
Story Highlights : C Krishna Kumar on LDF advertisement sandeep varier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here