‘ചേലക്കരയിൽ ഉണ്ടായത് അഭിമാനകരമായ വിജയം; കെപിസിസി പ്രസിഡന്റിന്റെ മുഖത്തേറ്റ അടി’; മന്ത്രി കെ രാജൻ
ചേലക്കരയിലെ എൽഡിഎഫ് മുന്നേറ്റത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ രാജൻ. ചേലക്കരയിൽ ഉണ്ടായത് അഭിമാനകരമായ വിജയമെന്ന് മന്ത്രി പറഞ്ഞു. ഭൂരിപക്ഷം ഇനിയും ഉയരുമെന്നും വ്യാജ പ്രചരണങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയാമെന്നും മന്ത്രി പ്രതികരിച്ചു. കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്പടിച്ച് നടത്തിയ പ്രചരണം ഫലം കണ്ടില്ലെന്ന് മന്ത്രിയുടെ വിമർശനം.
ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റിന്റെ മുഖത്തേറ്റ അടിയാണ് ചേലക്കരയിലെ ജനവിധിയെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ചേലക്കരയിലെ ഗ്രാമങ്ങൾ യുആർ പ്രദീപിനും കെ ആർ രാധാകൃഷ്ണനും ഒപ്പം എന്ന് വീണ്ടും തെളിയിച്ചെന്ന് മന്ത്രി പറഞ്ഞു. ചേലക്കരയിൽ യുആർ പ്രദീപിന്റെ ലീഡ് പതിനായിരം കടന്നു. രാഷ്ട്രീയ വജിയം സാധ്യമാകണമെങ്കിൽ ചേലക്കര പിടിക്കണമെന്നായിരുന്നു യുഡിഎഫിന്റെ നിലപാട്. എന്നാൽ തുടക്കം മുതൽ എൽഡിഎഫ് ലീഡ് നിലനിർത്തി.
എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല. മൂന്നാം വട്ടവും ഇടതുപക്ഷ ഭരണം ഉണ്ടാകുമെന്ന് തെളിയിക്കുന്ന ജനവിധിയാണ് ചേലക്കരയിലുണ്ടായതെന്ന് കെ രാധാകൃഷ്ണൻ എം പി പ്രതികരിച്ചു. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. സർക്കാരിനെതിരായ കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളിയെന്ന് മന്ത്രി പറഞ്ഞു.
Story Highlights : Minister K Rajan reacts in LDF lead in Chelakkara by election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here