ഉത്തർപ്രദേശിലെ സാംഭാലിൽ മസ്ജിദിന്റെ സർവേക്കിടെ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു
ഉത്തർപ്രദേശിലെ സാംഭാലിൽ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മസ്ജിദിന്റെ സർവേയുമായി ബന്ധപ്പെട്ടാണ് സംഘർഷം. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. സംഭവത്തിൽ പോലീസുകാർക്ക് പരിക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ടവരെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് പോലീസ് വ്യക്തമാക്കി.
ഷാഹി ജുമാ മസ്ജിദ് യഥാർത്ഥത്തിൽ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ നൽകിയ ഹർജിയെ തുടർന്നാണ് ഷാഹി ജുമാ മസ്ജിദിലെ സർവേ നടത്തിയത്. ഈ മാസം 19ന് ആദ്യഘട്ടം സർവേ നടത്തിയിരുന്നു. രണ്ടാം ഘട്ട സർവേക്കിടെയാണ് സംഘർഷമുണ്ടായത്. രാവിലെ ഏഴു മണി മുതൽ 11 മണി വരെയാണ് സർവേ നടന്നത്. ആളുകൾ സംഘടിച്ച് ഉദ്യോഗസ്ഥർക്കെതിരെ കല്ലെറിയുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ടു. മൂവായിരത്തോളം പേർ ചേർന്ന് ഒരുമിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പൊലീസിന് നേരെ കല്ലേറ് നടത്തുകയും വീടിന്റെ മുകളിൽ നിന്ന് വെടിവെപ്പ് ഉണ്ടായതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ 18 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. ആക്രമണം നടത്തിയവരെ കണ്ടെത്താൻ പൊലീസ് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും, അക്രമങ്ങൾക്കിടയിലും സർവേയുടെ മുഴുവൻ പ്രക്രിയയും വീഡിയോഗ്രാഫ് ചെയ്യുകയും ഫോട്ടോയെടുക്കുകയം ചെയ്ത് സർവേ വിജയകരമായി പൂർത്തിയാക്കി. നവംബർ 29 ന് കമ്മീഷൻ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് സംഘർഷം രൂക്ഷമായതിനാൽ കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നത് തടയാൻ പ്രദേശത്ത് നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്. ഹരി ഹർ മന്ദിർ എന്ന ഒരു ക്ഷേത്രം മസ്ജിദ് ഉൾപ്പെടുന്ന സ്ഥലത്ത് ഉണ്ടായിരുന്നെന്നും മുഗൾ ചക്രവർത്തി ബാബർ 1529-ൽ ഇത് ഭാഗികമായി തകർത്തുവെന്നുമാണ് വിഷ്ണു ശങ്കർ ജെയിൻ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്.
Story Highlights : 2 killed as mob opposing mosque survey clashes with police in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here