സാമുദായിക വിഭാഗീയത ഉള്‍പ്പെടെ സിപിഐഎമ്മിന്റെ വിലകുറഞ്ഞ പ്രചാരണം ജനം തള്ളിക്കളഞ്ഞു; വിമര്‍ശിച്ച് സമസ്ത മുഖപത്രം
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. സാമുദായിക വിഭാഗീയത ഉള്‍പ്പെടെയുളള വിലകുറഞ്ഞ പ്രചാരണങ്ങളാണ് ഇപ്പോള്‍ സിപിഐഎം നടത്തുന്നതെന്ന് സമസ്ത മുഖപത്രത്തിലൂടെ കുറ്റപ്പെടുത്തി. ഇത് കേരളത്തിന്റെ മതേതരത്വത്തിന്റെ മനസാക്ഷിയില്‍ ഏല്‍പ്പിച്ച മുറിവ് ആഴമുള്ളതാണെന്നും പത്രത്തിലെ മുഖപ്രസംഗം കുറ്റപ്പെടുത്തി. (samastha mouthpiece slams cpim Palakkad byelection)
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് സുപ്രഭാതം യുഡിഎഫിനെ പുകഴ്ത്തുകയും സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നത്. പാലക്കാട്ടെ യുഡിഎഫിന്റെ ജയം പല ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ പാര്‍ട്ടികളുടേയും വോട്ടുനേടിയെന്നായിരുന്നു സിപിഐഎമ്മിന്റെ പ്രധാന വിശദീകരണം. തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും നടന്ന ഇത്തരം പ്രചരണത്തിനെതിരെയാണ് പാലക്കാട്ടെ പരാജയം ഉയര്‍ത്തിക്കാട്ടി സമസ്ത മുഖപത്രത്തിന്റെ രൂക്ഷവിമര്‍ശനങ്ങള്‍. സിപിഐഎമ്മിന്റെ ഇത്തരം പ്രചാരണങ്ങള്‍ കേരളത്തിലെ ജനാധിപത്യ സമൂഹം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞെന്ന് മുഖപ്രസംഗത്തില്‍ പരാമര്‍ശമുണ്ട്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പരീക്ഷിച്ചിട്ടും പാലക്കാട് എന്തുകൊണ്ട് തോറ്റെന്നും മറ്റിടങ്ങളില്‍ വോട്ട് കുറഞ്ഞതെന്നും സിപിഐഎം പരിശോധിക്കണമെന്ന് സമസ്ത മുഖപത്രം ഓര്‍മിപ്പിച്ചു. പാലക്കാട് മൂന്നാം സ്ഥാനത്തുനിന്ന് കരകയറാന്‍ കഴിയാതെ പോയത് എന്തുകൊണ്ടെന്ന് സിപിഐഎം പരിശോധിക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രണ്ടിടത്തും ജയിക്കാനായത് യുഡിഎഫിന്റെ ആത്മവിശ്വാസം വലിയ രീതിയില്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സമസ്ത മുഖപത്രം വിലയിരുത്തി.
Story Highlights : samastha mouthpiece slams cpim Palakkad byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here