2026 ല്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് മുന്നില്‍ ഇനി കടമ്പകള്‍ ഏറെ
2026 ല്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് മുന്നില്‍ ഇനി കടമ്പകള്‍ ഏറെ. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട് എന്ന് അവകാശപ്പെടുമ്പോഴും, ഒരു സിറ്റിംഗ് സീറ്റ് പോലും എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. പാലക്കാട് എല്‍ഡിഎഫിന്റെ വോട്ട് കുറയാത്തതും വരും ദിവസങ്ങളില്‍ യുഡിഎഫിലെ ചര്‍ച്ചയ്ക്കും കാരണമാകും.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 5 ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു. നാലിലും വിജയിച്ചെങ്കിലും എല്ലാം യുഡിഎഫ് ഭരിച്ച സീറ്റുകള്‍ നിലനിര്‍ത്തിയത് ആയിരുന്നു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത് ആദ്യം. ഭൂരിപക്ഷം കുറച്ചെങ്കിലും വിജയിക്കാനായില്ല. 2016ല്‍ യു.ആര്‍ പ്രദീപ് നേടിയതിനേക്കാള്‍ ഭൂരിപക്ഷം ഇത്തവണ നേടിയതും യുഡിഎഫിന് തിരിച്ചടിയാണ്. ഭരണ വിരുദ്ധ വികാരം എന്ന് പ്രചരിപ്പിക്കാനും കഴിയില്ല. പാലക്കാട് വലിയ വിജയം നേടിയെങ്കിലും എല്‍ഡിഎഫിന്റെ വോട്ട് കുറയ്ക്കാന്‍ ആയില്ല. 2026 ല്‍ അധികാരം സ്വപ്നം കാണുന്ന യുഡിഎഫിന് അടിത്തട്ടില്‍ കാര്യമായി പണിയെടുക്കേണ്ടി വരും. തൃശ്ശൂരില്‍ ഉള്‍പ്പെടെ സംഘടനാ ദൗര്‍ബല്യം നേതൃത്വം തിരിച്ചറിയുന്നുണ്ട് എന്നായിരുന്നു വി.ഡി സതീശന്റെ പ്രസ്താവന.
ആദ്യ ലക്ഷ്യം ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പാണ്. ഇപ്പോഴേ ഒരുങ്ങാന്‍ പ്രവര്‍ത്തകരോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘടനാ ദൗര്‍ബല്യം നേരിടുന്ന ജില്ലകളില്‍ നേതൃത്വം നേരിട്ട് പ്രശ്‌നപരിഹാരത്തിന് ഇടപെടും. വേഗത്തില്‍ ബൂത്ത് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ച വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കെപിസിസി ഇതിനകം നിര്‍ദ്ദേശം നല്‍കി. ബിജെപി വോട്ട് വര്‍ധിപ്പിക്കുന്ന സ്ഥലങ്ങളില്‍ ചോരുന്ന കോണ്‍ഗ്രസ് വോട്ട് പിടിച്ചുനിര്‍ത്താനുള്ള ഇടപെടലും ഇനി ആരംഭിക്കും.
Story Highlights : The UDF has many hurdles ahead of 2026 election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here