Advertisement

ബീഡിയും ബിഹാറും തന്റേതല്ലെന്ന് ബല്‍റാം; കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് കലാപം

2 days ago
Google News 1 minute Read

കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നേറുമെന്ന് ഇടയ്ക്കിടെ പ്രഖ്യാപനങ്ങള്‍ വരുമ്പോഴും നേതാക്കള്‍ തമ്മിലുള്ള പോര് വീണ്ടും കനക്കുകയാണ്. വിടി ബല്‍റാമിനെ ചൊല്ലിയാണ് പുതിയ പ്രശ്‌നം. പ്രതിപക്ഷനേതാവ് വിഡി സതീശനെ പരസ്യമായി തള്ളി രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും അഭിപ്രായഭിന്നതകള്‍ പരസ്യമാവുകയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഡിജിറ്റല്‍ മീഡിയ വിഭാഗം ചെയര്‍മാന്‍ ഇല്ലെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. എന്നാല്‍, ഡിജിറ്റല്‍ മീഡിയ വിഭാഗം ഉണ്ടെന്നും അതിന്റെ ചെയര്‍മാന്‍ സ്ഥാനത്തിപ്പോഴും വിടി ബല്‍റാം തുടരുകയാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഡിജിറ്റല്‍ മീഡിയാ സെല്‍ ഉണ്ടെന്ന് പ്രതികരിച്ചു.

വിഡി സതീശന്റെ പ്രതികരണം അനസവരത്തിലുള്ളതാണെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. നിലമ്പൂര്‍ തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷനേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തലയും തമ്മില്‍ ക്യാപ്റ്റന്‍ പ്രയോഗത്തെ ചൊല്ലി അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണം ഡിസിസി പുനഃസംഘടന നടത്താന്‍ പറ്റാത്ത സാഹചര്യവും ഉടലെടുത്തു. ആഗസ്റ്റ് മാസത്തില്‍ കെപിസിസി പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശിച്ചിരുന്നുവെങ്കിലും നേതാക്കളുടെ പിടിവാശിമൂലം ചര്‍ച്ചകള്‍ നിര്‍ത്തിവെക്കേണ്ടിവന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തിലെ ഡിസിസി, കെപിസിസി പുനഃസംഘടന പൂര്‍ത്തിയാക്കണമെന്നും, അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കണമെന്നുമായിരുന്നു കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവിനും എഐസിസി നല്‍കിയ നിര്‍ദേശം. എന്നാല്‍ അഭിപ്രായ ഭിന്നതകള്‍ മൂര്‍ച്ഛിക്കുകമാത്രമാണ് ഉണ്ടായത്.

ഇതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക വിവാദത്തില്‍ അകപ്പെടുന്നതും തല്‍സ്ഥാനം രാജിവെക്കേണ്ടിവരുന്നതും. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദവിയെച്ചൊല്ലിയായി കോണ്‍ഗ്രസില്‍ തര്‍ക്കം. ഇതോടെ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനും കഴിഞ്ഞിരുന്നില്ല. നിലവില്‍ ആര്‍ക്കും ചുമതലയും നല്‍കിയിട്ടില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍ സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നും പതുക്കെ പുറത്തുകടക്കുകയായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി സിപിഐഎമ്മും, ബിജെപിയും ഒരേ സ്വരത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴും കോണ്‍ഗ്രസ് നേതൃത്വം രാഹുലിന് പരിചയൊരുക്കി സംരക്ഷിച്ചു. രാഹുലിനെതിരെ ഇരയാക്കപ്പെട്ട ആരും പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു നേതാക്കളുടെ ന്യായവാദം. രാഹുലിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യാനായി ക്രൈംബ്രാഞ്ച് നീക്കങ്ങള്‍ നടത്തിയെങ്കിലും അന്വേഷണത്തില്‍ പരാതിക്കാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രാഷ്ട്രീയ പ്രതിയോഗികള്‍ പത്തിമടക്കി തുടങ്ങിയ സമയത്താണ് കുന്നംകുളത്തെ കസ്റ്റഡി മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് പിടികൂടി അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സര്‍ക്കാരും ആഭ്യന്തര വകുപ്പും കൂടുതല്‍ പ്രതിരോധത്തിലായി. കോണ്‍ഗ്രസ് നേതൃത്വം സടകുടഞ്ഞെഴുന്നേറ്റു. കിട്ടിയ അവസരത്തില്‍ സര്‍ക്കാരിനെതിരെ തിരിച്ചടിക്കാനുള്ള മാര്‍ഗമായി കസ്റ്റഡി മര്‍ദനത്തെ കോണ്‍ഗ്രസ് ഉപയോഗിക്കാന്‍തന്നെ തീരുമാനിച്ചു.

എന്നാല്‍, പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് സര്‍ക്കാര്‍ ഓണാഘോഷം വന്നത്. ഓണാഘോഷത്തില്‍ മുഖ്യമന്ത്രിക്കൊപ്പം സദ്യയുണ്ണാന്‍ എത്തിയ പ്രതിപക്ഷനേതാവിനെതിരെ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തി. യൂത്ത് നേതാക്കളെ തല്ലിച്ചതച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വിഡി സതീശന്‍ സദ്യയില്‍ പങ്കെടുത്തത് തെറ്റായിപ്പോയെന്നായിരുന്നു കെ സുധാകരന്റെ ആരോപണം. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് സതീശന് പിന്തുണയുമായി എത്തിയതോടെ വിഷയം കെട്ടടങ്ങിയെങ്കിലും നേതാക്കളില്‍ അമര്‍ഷം പരക്കുന്നതിനിടയിലാണ് വിടി ബല്‍റാമിനെതിരെ പ്രതിഷേധം കനക്കുന്നത്.

വിടി ബല്‍റാം അല്ല ബിഹാര്‍ ബീഡി പോസ്റ്റിനു പിന്നിലെന്നും നേതൃത്വം ഇക്കാര്യത്തില്‍ നടത്തിയ അന്വേഷണത്തില്‍ ബല്‍റാം കുറ്റക്കാരനല്ലെന്നും നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ വിഡി സതീശനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നീക്കം കടുപ്പിക്കുകയാണ്.

കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയയില്‍ വന്ന പോസ്റ്റാണ് ബല്‍റാമിനെ പ്രതിരോധത്തിലാക്കിയത്. ബീഡിയും ബിഹാറും എന്ന പോസ്റ്റിനെ ചൊല്ലി ബിഹാറിലെ സംഖ്യകക്ഷികള്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് ഐടി സെല്‍ ചെയര്‍മാനായ വി ടി ബല്‍റാമിനെതിരെ വിഡി സതീശന്‍ തിരിയുന്നത്. ബിജെപി ഇത് വലിയ രാഷ്ട്രീയായുധമാക്കി. ഇതോടെ, ഡിജിറ്റല്‍ മീഡിയാ സെല്‍ ഉണ്ടോ, ഇല്ലയോ എന്ന ചോദ്യമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

വി ഡി സതീശനെതിരെ വെള്ളാപ്പള്ളി തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുമ്പോഴും മുതിര്‍ന്ന നേതാക്കളാരും ഇതിനെ പ്രതിരോധിക്കാന്‍ തയാറാവാത്തതില്‍ ശക്തമായ പ്രതിഷേധവും സതീശന്‍ വിഭാഗത്തിനുണ്ട്. സതീശന്‍ മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തിലാണെന്നാണ് തുടര്‍ച്ചയായുള്ള വെള്ളാപ്പള്ളിയുടെ അധിക്ഷേപം. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതൃത്വം ആരെയും ഉയര്‍ത്തിക്കാട്ടില്ലെന്ന് ഹൈക്കമാന്റ് ഇടയ്ക്കിടെ പ്രസ്താവനകള്‍ ഇറക്കുമ്പോഴും, നേതാക്കള്‍ തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഭിന്നത രൂക്ഷമാവുകയാണ്.

Story Highlights : Controversy regarding congress IT cell, explained

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here