‘ലിബിയൻ സ്ഥാനപതി ആകാനുള്ള അവസരം നിരസിച്ച പി പി തങ്കച്ചൻ’; അനുസ്മരിച്ച് രമേശ് ചെന്നിത്തല

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി പി തങ്കച്ചന്റെ വിയോഗത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല. വെല്ലുവിളി നേരിടുന്ന കാലത്ത് മുന്നണിയെ ശക്തമായി നിലനിർത്തുന്ന കാര്യത്തിലും പാർട്ടി താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന കാര്യത്തിലും പി പി തങ്കച്ചൻ കാണിച്ച പക്വത ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ഇന്നലെ രാവിലെ അദ്ദേഹത്തെ രാജഗിരി ആശുപത്രിയിലെത്തി കണ്ടിരുന്നു. തന്നെ തിരിച്ചറിഞ്ഞെങ്കിലും സംസാരിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കൺവീനർ എന്ന നിലയിൽ, മുന്നണിയിലെ കക്ഷികളെ ഏകോപിപ്പിച്ചു കൊണ്ടു പോകുന്നതിൽ മികവു കാട്ടിയ തങ്കച്ചൻ കോൺഗ്രസിലെ വിഭാഗീയതയുടെ കാലത്ത് സമന്വയത്തിന്റെ ശൈലി സ്വീകരിച്ചു. പാർട്ടി താല്പര്യമായിരുന്നു അദ്ദേഹത്തിന് എന്നും വലുത്. അങ്ങിനെ പാർട്ടിയെയും മുന്നണിയെയും ധീരമായി നയിക്കുന്നതിൽ പി പി തങ്കച്ചൻ കാണിച്ച കഴിവിനെ എന്നും പ്രശംസിക്കുന്നു. താൻ കെ പി സി സി അധ്യക്ഷനും അദ്ദേഹം യുഡിഎഫ് കൺവീനറുമായിരുന്ന സമയത്ത് മുന്നണിയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിദേശ രാജ്യമായ ലിബിയയിൽ സ്ഥാനപതിയായി അദ്ദേഹത്തെ നിയമിക്കാൻ സോണിയ ഗാന്ധി അംഗീകരിച്ചിരുന്നു. അന്ന് ആ നിർദേശം മുന്നോട്ട് വെച്ചിരുന്നത് താനായിരുന്നു. എന്നാൽ ഈ ഓഫർ അദ്ദേഹം നിരസിക്കുകയായിരുന്നു. തനിക്ക് സ്ഥാനപതി സ്ഥാനം വേണ്ടെന്നും നാട്ടിൽ നിൽക്കുന്നതാണ് തനിക്ക് സന്തോഷമെന്നുമാണ് അദ്ദേഹം തന്നോട് പറഞ്ഞിരുന്നത്. കോൺഗ്രസ് പ്രസിഡന്റ്റ് അംഗീകരിച്ച ഓഫർ വേണ്ടെന്നുവെച്ച് സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്കൊപ്പമായിരുന്നു അദ്ദേഹം അവസാനം വരെയും പ്രവർത്തിച്ചിരുന്നത് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു പി പി തങ്കച്ചൻ. 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറും നാലു വട്ടം എംഎൽഎയും ഒരുവട്ടം മന്ത്രിയുമായി. മാർക്കറ്റ്‌ഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. പെരുമ്പാവൂർ നഗരസഭാംഗമായാണ് പൊതുജീവിതമാരംഭിച്ചത്. 1968 മുതൽ 1980 വരെ പെരുമ്പാവൂർ നഗരസഭാ ചെയർമാനായിരുന്നു. 68 ൽ സ്ഥാനമേൽക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർമാനായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ മണ്ഡലം വൈസ്പ്രസിഡന്റ് ചുമതലയിൽ തുടങ്ങി അദ്ദേഹം ബ്ലോക്ക് പ്രസിഡന്റും എറണാകുളം ഡിസിസി പ്രസിഡന്റുമായി. 2004 ൽ ഏതാനും മാസം കെപിസിസി അധ്യക്ഷനായി.1991 ൽ നിയമസഭാ സ്പീക്കറായി. കേരള നിയമസഭയിലെ ഏറ്റവും പ്രഗത്ഭരായ സ്പീക്കർമാരിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്നു.
Story Highlights : Ramesh Chennithala condoles the demise of P.P Thankachan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here