സ്വർണം കടത്തിയ വാഹനം കൊള്ളയടിച്ച സംഭവം; രണ്ട് പേർ പിടിയിൽ; അന്വേഷണം കേരളത്തിലേക്കും
കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വർണം കടത്തിയ വാഹനം കൊള്ളയടിച്ച രണ്ട് പേർ പിടിയിൽ. സാംഗ്ലി സ്വദേശികളായ നവനീത്, സൂരജ് എന്നിവരെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 16 ലക്ഷം രൂപ കണ്ടെടുത്തു. കേസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും. കർണാടകയിലെ ബെലഗാവിയിൽ ഈ മാസം 15നാണ് കവർച്ച നടന്നത്.
കാർ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. കേരളത്തിൽ നിന്നുള്ള സ്വർണം മഹാരാഷ്ട്രയിൽ എത്തിച്ച് പണവുമായി മടങ്ങുകയായിരുന്നു മൂന്നംഗ സംഘം. ഇവരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് വാഹനം തട്ടിയെടുത്തത്. ഉപേക്ഷിച്ച കാറിലുണ്ടായിരുന്ന രഹസ്യ അറയിൽ നിന്ന് ഒരു കോടി രൂപ കണ്ടെത്തിയിരുന്നു. വാഹനത്തിലുണ്ടായിരുന്ന 1.17 കോടി രൂപ തട്ടിക്കൊണ്ടു പോയി എന്നായിരുന്നു പരാതി. പൊലീസിന് പരാതിയിലുണ്ടായ സംശയങ്ങളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് കേരളത്തിൽ നിന്നുള്ള സ്വർണം മഹാരാഷ്ട്രയിൽ എത്തിച്ച് പണവുമായി മടങ്ങുകയായിരുന്നുവെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടംഗ സംഘമാണ് കൊള്ളയടിച്ചെന്നായിരുന്നു മൂന്നംഗ സംഘം മൊഴി നൽകിയത്.
കേസിൽ വീണ്ടും പൊലീസിന് സംശയങ്ങളുയർന്നു. വ്യാജ കവർച്ചയാണോ എന്ന സംശയം ഉടലെടുത്തു. തുടർന്ന് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പണം കേരളത്തിലെത്തിക്കുന്ന മൂന്നു പേരും കസ്റ്റഡിയിൽ തുടരുകയാണ്. ഇവർ മലയാളികളല്ല. എന്നാൽ കേസിന് കേരളവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്വർണം കൊണ്ടു പോയതും പണം തിരികെയെത്തിക്കുന്നതും ഒരു സംഘത്തിനായാണ്. ഇവരെ കണ്ടെത്താനാണ് കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
Story Highlights : Two arrested in gold car heist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here