പെര്‍ത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വിജയം; ഓസിസിനായി പൊരുതി നിന്ന് ട്രാവിസ് ഹെഡ്
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ. 295 എന്ന കൂറ്റന്‍ റണ്‍നിരക്കിലാണ് ഓസ്‌ട്രേലിയയോട് ഇന്ത്യയുടെ വിജയം. ഇതോടെ ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന്റെ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണ് ഇത്. 1977-ല്‍ നേടിയ 222 റണ്‍സ് വിജയമാണ് ജസ്പ്രീത് ബുംറയും സംഘവും പഴങ്കഥയാക്കിയത്. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് ഇന്ത്യയുടെ ചരിത്രവിജയം. ജയിക്കാന്‍ രണ്ടാം ഇന്നിങ്‌സില്‍ 534 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ 58.4 ഓവറില്‍ 238 റണ്‍സിന് ഓള്‍ഔട്ടായി. അലക്‌സ്‌കാരിയെ ഹര്‍ഷിത് റാണ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് ഇന്ത്യ വിജയത്തീരമണഞ്ഞത്.
ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ആയിരുന്നില്ല രണ്ടാം ഇന്നിങ്‌സില്‍ കണ്ടത്. ആദ്യ ഇന്നിങ്‌സില്‍ ബുംറയും പിന്നീട് സിറാജും കരുത്തുകാട്ടിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഉറച്ചു നില്‍ക്കാന്‍ ഓസീസ് ബാറ്റര്‍മാര്‍ക്ക് ആയില്ല. ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത്. സ്‌കോര്‍:ഇന്ത്യ-150, 487-6, ഓസ്‌ട്രേലിയ-104, 238-10.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പന്ത്രണ്ട് റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം ഓസ്‌ട്രേലിയ ബാറ്റിങ് ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ നാല് റണ്‍സിന് ഉസ്മാന്‍ ഖവാജയെ നഷ്ടമായി. പിന്നാലെ സ്റ്റീവന്‍ സ്മിത്തും ഹെഡും സ്‌കോര്‍ ഉയര്‍ത്തി. പതിനേഴ് റണ്‍സെടുത്ത സ്റ്റീവന്‍ സ്മിത്തിനെ സിറാജ് പുറത്താക്കിയതോടെ ഓസീസ് 79-5 എന്ന നിലയിലേക്ക് വീണു. വിക്കറ്റുകള്‍ ഒരോന്നായി വീഴുമ്പോഴും ഒരു വശത്ത് ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ട്രാവിസ് ഹെഡാണ് ഓസീസിനായി പൊരുതിയത്. അര്‍ധസെഞ്ചുറി തികച്ച ഹെഡ് ശ്രദ്ധയോടെ ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടു. എന്നാല്‍ നായകന്‍ ബുംറക്ക് മുമ്പില്‍ ട്രാവിസ് ഹെഡിന് അടിയറവ് പറയേണ്ടി വന്നു. മിച്ചല്‍ മാര്‍ഷുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ ഹെഡ് സ്‌കോര്‍ 150-കടത്തിയതിന് ശേഷം സ്‌കോര്‍ 161 ല്‍ നില്‍ക്കെയായിരുന്നു പുറത്തായത്. ഇതിനകം 89 റണ്‍സായിരുന്നു ഹെഡിന്റെ സമ്പാദ്യം.
ഹെഡിന് പിന്നാലെ മിച്ചല്‍ മാര്‍ഷും പുറത്തായതോടെ ഇന്ത്യക്ക് പ്രതീക്ഷയും ഓസ്‌ട്രേലിയക്ക് ആശങ്കയുമായി. 47 റണ്‍സെടുത്ത മാര്‍ഷിനെ നിതീഷ് റെഡ്ഡിയാണ് പുറത്താക്കിയത്. ഈ സമയം 182-7 എന്ന നിലയിലായിരുന്നു ഓസിസ് സ്‌കോര്‍. 12 റണ്‍സില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കുകയും പിന്നാലെ രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇന്ത്യ വിജയഭേരി മുഴക്കി.
മൂന്നാം ദിനം ആറ് വിക്കറ്റിന് 487 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ജയ്സ്വാളിന്റേയും കോലിയുടെയും സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റന്‍ഡ ലീഡ് സമ്മാനിച്ചത്. ഓസീസ് ബൗളര്‍മാരെ സാങ്കേതികത്തികവോടെ സധൈര്യം നേരിട്ടാണ് ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ കരിയറിലെ നാലാം സെഞ്ചുറി തികച്ചത്. കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളില്‍ ഒറ്റയക്കത്തിന് പുറത്തായതിന്റെ ക്ഷീണം തീര്‍ക്കുന്ന ഇന്നിങ്സായിരുന്നു കോലിയുടേത്. ഇന്നിങ്സിന് വേഗം കൂട്ടാനും കോലിക്കായി. കോലി സെഞ്ചുറി തികച്ചതോടെ ആറ് വിക്കറ്റിന് 487 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 297 പന്ത് നേരിട്ട ജയ്സ്വാള്‍ 15 ഫോറും മൂന്ന് സിക്‌സും സഹിതമാണ് 161 റണ്‍സിലെത്തിയത്. 143 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സുമടക്കമാണ് കോലിയുടെ 100 റണ്‍സ്.
Story Highlights: India vs Australia Border Gavaskar Trophy Test Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here