ആംബുലന്‍സ് സേവനം വൈകി; അതിരപ്പിള്ളിയില്‍ തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ ആള്‍ മരിച്ചു
അതിരപ്പിള്ളിയില്‍ തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ ആള്‍ കൃത്യമായ ആംബുലന്‍സ് സേവനം ലഭ്യമാകാത്തതിനെ തുടര്‍ന്ന് മരിച്ചെന്ന് പരാതി. ഗുരുതരമായി പരിക്കേറ്റ ഷാജുവിനെ ആംബുലന്‍സ് കേടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാണ് ആക്ഷേപം. പൊലീസിന് ആംബുലന്‍സ് ഉണ്ടെങ്കിലും പൊതുജനങ്ങളുടെ ആവശ്യത്തിന് വിട്ടു നല്‍കുന്നില്ലെന്നും പരാതിയുണ്ട്.
കുറ്റിച്ചിറ സ്വദേശി ഷാജുവാണ് തെങ്ങില്‍ നിന്ന് വീണ് മരിച്ചത്. ചെത്തുതൊഴിലാളിയായിരുന്നു ഷാജു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണന്‍കുഴിയില്‍ നിന്ന് ജീപ്പില്‍ വെറ്റിലപ്പാറയിലേക്ക് എത്തിച്ചു. പിന്നീട് ആംബുലന്‍സില്‍ കയറ്റിയെങ്കിലും മുന്നോട്ടു എടുത്തപ്പോള്‍ തന്നെ ആംബുലന്‍സ് കേടായി. പത്തു മിനിറ്റിനു ശേഷമാണ് പിന്നീട് ആംബുലന്‍സില്‍ യാത്ര തുടര്‍ന്നത്. യാത്രാമധ്യേ വീണ്ടും ആംബുലന്‍സ് തകരാറിലായി. 108 ആംബുലന്‍സ് ആണ് തകരാറിലായത്.
Read Also: അമ്മുവിന്റെ മരണം: മൂന്ന് പ്രതികള്‍ക്കും ജാമ്യമില്ല; പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു
ഷാജുവിനെ പിന്നീട് ജീപ്പില്‍ ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഗുണനിലവാരം ഇല്ലാത്ത 108 ആംബുലന്‍സ് ആണ് അതിരപ്പള്ളിയില്‍ സര്‍വീസ് നടത്തുന്നത് എന്നാണ് പരാതി. പൊലീസിന് ആംബുലന്‍സ് ഉണ്ടെങ്കിലും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ആംബുലന്‍സ് വിട്ടു നല്‍കാറില്ല. ഷാജുവിന്റെ മരണത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്നത്.
Story Highlights : Man dies after falling from coconut tree in Athirappilly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here