Advertisement

അനുകമ്പയില്ല, എന്തിനും പരാതിയും ഈഗോയും; സൈന്യത്തിലെ വനിത ഓഫീസര്‍മാര്‍ക്കെതിരെ ആര്‍മി ജനറലിന്റെ കത്ത്

November 26, 2024
Google News 2 minutes Read
Women Officers Indian Army

സൈന്യത്തിലെ പ്രധാന പോസ്റ്റുകള്‍ അലങ്കരിക്കുന്ന വനിത ഓഫീസര്‍മാര്‍ക്കെതിരെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ആര്‍മി ജനറലിന്റെ കത്ത്. ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതീവ പ്രാധാന്യമുള്ള കിഴക്കന്‍ സെക്ടറിലെ സൈനിക യൂണിറ്റുകളെ നയിക്കുന്ന വനിത കമാന്‍ഡിങ് ഓഫീസര്‍മാരുടെ വ്യക്തിപരമായ സ്വഭാവ ദൂഷ്യം വരെ എടുത്ത് പറഞ്ഞുള്ള കത്ത് ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ രാജീവ് പുരിയാണ് തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ രാം ചന്ദര്‍ തിവാരിക്ക് കത്ത് എഴുതിയിരിക്കുന്നത്. അഞ്ച് പേജുള്ള കത്തില്‍ ഓപ്പറേഷന്‍ യൂണിറ്റുകളിലെ വനിത ഓഫീസര്‍മാരുടെ നേതൃത്വത്തെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളാണ് പരാമര്‍ശിച്ചിട്ടുള്ളത്. കീഴ് ഉദ്യോഗസ്ഥരോട് സഹാനുഭൂതിയില്ലാതെയുള്ള പെരുമാറ്റം മുതല്‍ വനിത ഓഫീസര്‍മാരുടെ താന്‍പോരിമ വരെ ചൂണ്ടിക്കാട്ടുന്നതാണ് കത്ത്.

Read Also: ദുരന്തലഘൂകരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

പനാഗഡ് ആസ്ഥാനമായുള്ള 17 മൗണ്ടന്‍ സ്ട്രൈക്ക് കോര്‍പ്സ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് ഒക്ടോബര്‍ ഒന്നിന് കത്ത് അയച്ചിരിക്കുന്നത്. ബ്രഹ്‌മാസ്ത്ര കോര്‍പ്‌സിലെ എട്ട് വനിതാ കമാന്‍ഡിംഗ് ഓഫീസര്‍മാരുടെ നേതൃപാടവം വിശകലനം ചെയ്തുള്ളതായിരുന്നു അന്വേഷണം. യൂണിറ്റുകളില്‍ പലതിലും ധാര്‍മികമായും കാര്യക്ഷമതയോടെയും വനിത ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കത്തില്‍ വ്യക്തമാക്കിയിട്ടുള്ള പ്രധാന കാര്യങ്ങള്‍ ഇവയാണ്.

യൂണിറ്റ് ഉദ്യോഗസ്ഥരുടെ, പ്രത്യേകിച്ച് ഓഫീസര്‍മാരുടെ വ്യക്തിഗത ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നയമില്ലായ്മ.

പരസ്പര ബഹുമാനത്തോടെയുള്ള പ്രശ്‌ന പരിഹാരത്തേക്കാള്‍ ബലപ്രയോഗത്തിലേക്കും സംഘര്‍ഷത്തിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതിന് മുന്‍ഗണന നല്‍കുന്നു

കീഴുദ്യോഗസ്ഥരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുമ്പോള്‍ വനിത ഓഫീസര്‍മാരില്‍ മുന്‍വിധികളും അവിശ്വാസവും ഉടലെടുക്കുകയും ഇതുവഴി താഴെക്കിടയിലുള്ളവര്‍ സമ്മര്‍ദ്ദത്തോടെ ജോലി ചെയ്യേണ്ടിയും വരുന്നു

രൂപഭാവങ്ങള്‍ നിലനിര്‍ത്തുന്നതിന് യൂണിറ്റ് വിഭവങ്ങളുടെ അമിത ഉപയോഗം.

ടീമിനെ പ്രോത്സാഹിപ്പിക്കുകയും വിജയങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നതിനും പകരം കീഴുദ്യോഗസ്ഥര്‍ ചെയ്യുന്ന ജോലിയുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന പ്രവണത

തുടങ്ങി ഗുരുതരമായ പരാതികളാണ് വനിത ഓഫീസര്‍മാര്‍ക്കെതിരെ ലഫ്റ്റനന്റ് ജനറല്‍ രാജീവ് പുരി കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

Read Also: 26/11 : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്

ഇന്ത്യന്‍ ആര്‍മിയുടെ നേതൃസ്ഥാനങ്ങളിലേക്ക് വനിതകളെ നിയമിച്ച് ചരിത്രപരമായ മാറ്റത്തിന് തുടക്കമിട്ടത് 2023-ല്‍ ആയിരുന്നു. അതിര്‍ത്തി സംരക്ഷണം അടക്കമുള്ള പ്രവര്‍ത്തനമേഖലകളിലേക്ക് വനിത ഓഫീസര്‍മാരെ നിയോഗിക്കണമെന്ന അന്നത്തെ സുപ്രീം കോടതി വിധിയെത്തുടര്‍ന്നായിരുന്നു ഈ നീക്കം. അതുവരെ സൈനീക ആശുപത്രികളിലും മറ്റു മെഡിക്കല്‍ സംബന്ധമായ വിങുകളിലും സേവനം അനുഷ്ഠിച്ചിരുന്നവരായിരുന്നു വനിത ഓഫീസര്‍മാരില്‍ ഏറെയും. ഇന്ത്യ-ചൈന അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണായക സ്ഥാനമുള്ള നോര്‍ത്തേണ്‍, ഈസ്റ്റേണ്‍ കമാന്‍ഡുകളില്‍ വലിയ ഉത്തരവാദിത്തമുള്ള പോസ്റ്റുകളില്‍ വരെ പല വനിത ഓഫീസര്‍മാരും നിയമിതരായിരുന്നു. 2023 ഫെബ്രുവരിയില്‍ 108 വനിതാ ഓഫീസര്‍മാരെ സെലക്ട് ഗ്രേഡ് കേണല്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിനായി സൈന്യം ഒരു പ്രത്യേക സെലക്ഷന്‍ ബോര്‍ഡ് തന്നെ നടത്തിയിരുന്നു. ലിംഗസമത്വം സാധ്യമാക്കാനും കൂടി ലക്ഷ്യമിട്ടുള്ള നീക്കം വിവിധ കോണുകളില്‍ നിന്ന് പ്രശംസ പിടിച്ചു പറ്റിയിരുന്നു. 108 ഒഴിവുകളിലേക്ക് 244 വനിതാ ലെഫ്റ്റനന്റ് കേണല്‍മാരെയാണ് ബോര്‍ഡ് അന്ന് പരിഗണിച്ചിരുന്നത്.

Story Highlights: Army General’s letter against women officers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here