തൃശൂർ വാഹനാപകടം; വാഹനം ഓടിച്ചത് ലൈസൻസില്ലാത്ത ക്ലീനർ; ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നു
തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേർ മരിച്ച സംഭവത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്. വാഹനം ഓടിച്ചിരുന്നത് ക്ലീനറായിരുന്നു. ഇയാൾക്ക് ഡ്രൈവിങ് ലൈസൻസില്ല. സംഭവത്തിൽ കണ്ണൂർ ആലങ്ങാട് സ്വദേശിയായ ക്ലീനർ അലക്സ്, കണ്ണൂർ സ്വദേശി ജോസ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഡ്രൈവറായി നിശ്ചയിച്ചിരുന്ന ജോസ് മദ്യപിച്ച ശേഷം വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു. തുടർന്ന് മദ്യലഹരിയിൽ അലക്സ് വാഹനം ഓടിക്കുകയായിരുന്നു. നാട്ടികയിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (ഒരു വയസ്സ്) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. ഇവർ ഗുരുതര പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Read Also: തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി; അഞ്ചു പേർക്ക് ദാരുണാന്ത്യം
നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. ബാരിക്കേഡ് മറികടന്നു വന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
Story Highlights : Thrissur Accident Police confirmed that driver and the cleaner were drunk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here