Advertisement

വീഴ്ത്തിയ വിധിയെ ഓടി തോല്‍പ്പിച്ച്…. പാരാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡലുകള്‍ വാരിക്കൂട്ടി ശ്രീറാം

November 28, 2024
Google News 2 minutes Read
sports

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പുനലൂര്‍ ശ്രീവാസ് ഭവനിലെ ശ്രീറാം ഒരിക്കലും ഓര്‍ത്തില്ല കൂടെയോടുന്ന ‘വിധി’ തന്നെ തട്ടി വീഴ്ത്തുമെന്ന്. പിന്നീട് ആ വിധിയെ തോല്‍പ്പിച്ച് ശ്രീറാം വാരിക്കൂട്ടിയത് പാരാ അത്‌ലറ്റിക് സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകളിലെ മെഡലുകള്‍. ഇപ്പോള്‍ പതിനാലാമത് കേരള സംസ്ഥാന പാരാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ്ണം സ്വന്തമാക്കിയിരിക്കുകയാണ് ശ്രീറാം . തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന 100, 400, 1500 മീറ്ററിലാണ് ശ്രീറാമിന്റെ സുവർണ്ണ നേട്ടം. 2015 ല്‍ കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ കുടുംബത്തോടൊപ്പം സഞ്ചരിച്ചപ്പോള്‍ ഉണ്ടായ അപകടത്തില്‍പ്പെട്ട ശ്രീറാമിന്റെ പേശികളും ഞരമ്പുകളും തകര്‍ന്നു. ആഹാരം കഴിക്കുന്നത് പോലും ട്യൂബിലൂടെയായിരുന്നു. അപകടത്തില്‍ വലതു കൈയുടെ ശേഷി നഷ്ടപ്പെട്ടു. ഒരു ഇല പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥ. വലതു തോള് ചരിയുകയും കാഴ്ചയ്ക്ക് കാര്യമായി മങ്ങല്‍ ഏല്‍ക്കുകയും ചെയ്തു.അവിടെ നിന്നാണ് ശ്രീറാമിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്.

കേരള ക്രിക്കറ്റ് ലീഗിലെ ചാമ്പ്യൻസ്മാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് ആണ്
ശ്രീറാമിനെ മത്സരങ്ങളിൽ സ്പോൺസർ ചെയ്തത്. ഇനി നടക്കുന്ന ദേശീയ മത്സരത്തിലും ശ്രീറാമിന് വേണ്ടുന്ന എല്ലാ പ്രോത്സാഹനവും സ്പോൺസർഷിപ്പും നൽകുമെന്ന് ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് CEO ആയ ഡോ. എൻ. പ്രഭിരാജ് പറഞ്ഞു.അപകടത്തില്‍ സാരമായി പരിക്കേറ്റുവെങ്കിലും വിധിക്കു മുന്നില്‍ മുട്ടുമടക്കാന്‍ ശ്രീറാം തയ്യാറായില്ല.സ്‌കൂളില്‍ നിന്ന് പഠിച്ച ഓട്ടത്തിന്റെ ബാലപാഠം മനസ്സില്‍ നിറഞ്ഞിരുന്നു. അതില്‍ നിന്നാണ് പരിശീലനം നേടാന്‍ താല്പര്യം ഉണ്ടായത്. പുനലൂര്‍ ചെമ്മന്തൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വയം പരിശീലനമാണ് ശ്രീറാം നടത്തുന്നത്. പപ്പടം വില്‍പ്പന നടത്തുന്ന പിതാവ് മുത്തുരാമനും അമ്മ പ്രിയയും ജേഷ്ഠ സഹോദരന്‍ ശ്രീനിവാസനും എപ്പോഴും പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്.

കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന പാരാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ്ണവും, ഒരു വെള്ളിയും സ്വന്തമാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ നടന്ന ദേശീയ മീറ്റില്‍ 1500 മീറ്ററില്‍ വെങ്കലവും സ്വന്തമാക്കി. ഈ വര്‍ഷം ജനുവരിയില്‍ ഗോവയില്‍ നടന്ന ദേശീയ പാരാ അത്ലറ്റിക് മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണവും 100, 1500 മീറ്ററുകളില്‍ വെങ്കലവും ശ്രീറാമിന്റെ നേട്ട പട്ടികയിൽ വന്നു . ഇത്രയും മെഡലുകള്‍ വാരിക്കൂട്ടിയെങ്കിലും ഒരു ഷൂസ് വാങ്ങുന്നതിനുപോലും വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും കൂട്ടുകാരന്റെ ഷൂസാണ് ഉപയോഗിച്ചിരുന്നത് എന്നും ശ്രീറാം പറയുന്നു. അപ്പോഴാണ് ഈ സ്‌പോണ്‍സറുമായി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് രംഗത്തെത്തിയതൊന്നും ഇതില്‍ താന്‍ ഒരുപാട് സന്തോഷിക്കുന്നു എന്നും ശ്രീറാം പറഞ്ഞു.

Story Highlights : Sriram bagged gold medals in the Para Athletic Championships

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here