സിപിഐഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; പകരം ചുമതല അഡ്‌ഹോക്ക് കമ്മിറ്റിക്ക്
കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കേലപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് പകരം ചുമതല. ഏരിയാ കമ്മറ്റി പൂര്‍ണമായ അര്‍ത്ഥത്തില്‍ പുനസംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദന്‍ അറിയിച്ചു. കമ്മറ്റിക്ക് കരുനാഗപ്പള്ളിയിലെ പാര്‍ട്ടിയെ നയിച്ച് പോകാന്‍ സാധിക്കുന്നില്ല എന്നതാണ് വിലയിരുത്തല്‍ എന്നും അദ്ദേഹം അറിയിച്ചു. ഏഴംഗ അഡ്‌ഹോക്ക് കമ്മറ്റി ഇന്ന് തന്നെ നിലവില്‍ വരുമെന്നാണ് വിവരം.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി മനോഹരന്‍ കണ്‍വീനറായാണ് അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചത്. എസ് ആര്‍ അരുണ്‍ ബാബു, എസ് എല്‍ സജികുമാര്‍,ബി സത്യദേവന്‍, സന്തോഷ്, ജി മുരളീധരന്‍, ഇക്ബാല്‍ തുടങ്ങിയവരാണ് കമ്മറ്റി അംഗങ്ങള്‍. ലോക്കല്‍ കമ്മിറ്റിയിലെ പ്രശ്‌നങ്ങള്‍ അഡ്‌ഹോക്ക് കമ്മിറ്റി പരിശോധിക്കും.
കരുനാഗപ്പള്ളിയില്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രശ്‌നങ്ങള്‍ ജില്ലയിലുടനീളമുള്ള പ്രശ്‌നമല്ലെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കേരളത്തില്‍ 207 ഏരിയ സമ്മേളനങ്ങളാണ് നടക്കേണ്ടത്. കൊല്ലം ജില്ലയില്‍ 17 ഏരിയ സമ്മേളനങ്ങളും പൂര്‍ത്തിയാക്കി. എന്നാല്‍ കരുനാഗപ്പള്ളി ഏരിയയില്‍ വ്യത്യസ്തമായ ചിത്രമാണുണ്ടായത്. കരുനാഗപ്പള്ളിയിലേത് ഈ തെറ്റായ പ്രവണത. പാര്‍ട്ടിക്കാതെ പ്രയാസപ്പെടുത്തിയ ഇത്തരം നിലപാടിനെ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. തെറ്റായ ഒരു പ്രവണതയും വച്ച് പൊറുപ്പിക്കില്ല. തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെയാണ് പാര്‍ട്ടി എന്നും കടന്നു പോകുന്നത് – എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
കരുനാഗപ്പള്ളിയിലുയര്‍ന്നു വന്നിട്ടുള്ള സംഘടനാപരമായ പ്രശ്‌നങ്ങളുള്‍പ്പടെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മറ്റിയുമായും ചര്‍ച്ച ചെയ്ത് ആവശ്യമായ നിലപാട് തീരുമാനിക്കും എന്നത് ഇന്നലെ തന്നെ സിപിഐഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. രാവിലെ കൊല്ലം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മറ്റി യോഗവും ചേര്‍ന്നിരുന്നു.
ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതിന് പിന്നാലെയാണ് സേവ് സിപിഐഎം പ്ലക്കാര്‍ഡുകളുമായി വിമത വിഭാഗം തെരുവില്‍ പ്രതിഷേധിച്ച സംഭവം വിവാദമായിരുന്നു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങളും തര്‍ക്കത്തെ തുടര്‍ന്ന് അലങ്കോലപ്പെടുകയും ചെയ്തു. കുലശേഖരപുരം നോര്‍ത്ത് സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ പൂട്ടിയിട്ടു. ജില്ല കമ്മിറ്റി അംഗം പി.ആര്‍. വസന്തനെതിരെയും ആരോപണമുണ്ട്.
Story Highlights : CPIM Karunagappally Area Committee dissolved
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here