ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് ചിക്കാഗോയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

തെലങ്കാന സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥി ചിക്കാഗോയിലെ പെട്രോൾ പമ്പിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. സായി തേജ നുകരുപു എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 29നാണ് സായിക്ക് വെടിയേറ്റത്. ശരീരത്തിൽ രണ്ട് ബുള്ളറ്റുകൾ തറച്ചു കയറിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരണം. പെട്രോൾ പമ്പിൽ പാർടൈം ജോലി നോക്കുകയായിരുന്നു യുവാവ്.
തെലങ്കാനയിലെ കമ്മം സ്വദേശിയാണ്. എം ബി എ പഠനത്തിനായാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയിലെ ജീവിത ചെലവുകൾക്ക് പണം കണ്ടെത്താൻ വേണ്ടിയാണ് ഇദ്ദേഹം പെട്രോൾ പമ്പിൽ പാർടൈം ജോലിക്ക് ചേർന്നത്. മോഷണ ശ്രമത്തിനിടെ വെടിയേറ്റതാണ് എന്നാണ് വിവരം. സായിയെ തോക്കിൻ മുനയിൽ നിർത്തി അക്രമികൾ പണം ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ വെടിവെക്കുകയുമായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. 2024 ജൂൺ 15നാണ് ഇദ്ദേഹം അമേരിക്കയിലേക്ക് പോയത്. ചിക്കാഗോ കൊന്കോഡിയ സർവകലാശാല വിദ്യാർത്ഥിയായിരുന്നു.
സംഭവം ദിവസം സായി തേജയുടെ ജോലി കഴിഞ്ഞ ശേഷവും ഇദ്ദേഹം സുഹൃത്ത് ആവശ്യപ്പെട്ടതിനാൽ പെട്രോൾ പമ്പിൽ തുടരുകയായിരുന്നു. ഒപ്പം ജോലി ചെയ്തുവരുന്ന മുസ്ലിം യുവാവ് നമസ്കരിക്കാൻ പോയ സമയത്ത് ഒരു സഹായം എന്ന നിലയിലാണ് സായി കൗണ്ടറിൽ ഇരുന്നത്. ഈ സമയത്താണ് രണ്ടുപേർ ബൈക്കിലെത്തി ആക്രമണം നടത്തിയത്. സായിയുടെ സഹോദരിയും അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ മാതാപിതാക്കൾ നാട്ടിലാണ് താമസം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Story Highlights : Indian Student Shot Dead At Chicago Petrol Pump Where He Worked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here