‘പാര്‍ട്ടികള്‍ തമ്മില്‍ വിശ്വാസക്കുറവുണ്ട്, കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം’; ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തനത്തില്‍ സിപിഐയ്ക്ക് അതൃപ്തി
ഇന്ത്യ സഖ്യത്തിന്റ നിലവിലെ പ്രവര്‍ത്തനത്തില്‍ സിപിഐക്ക് അതൃപ്തി. ഇന്ത്യ സഖ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന രീതിയില്‍ അതൃപ്തി ഉണ്ടെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. സീറ്റ് വിഭജനത്തില്‍ ഇടത് പാര്‍ട്ടികള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കണമെന്നും കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണം എന്നും രാജ പറഞ്ഞു. ഇടത് പാര്‍ട്ടികളെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ ആകില്ലെന്നും,ഇടത് പാര്‍ട്ടികളെ ഒഴിവാക്കനോ, പാര്‍ശ്വവത്കരിക്കണോ കഴിയില്ല എന്നും രാജ വ്യക്തമാക്കി. (CPI is not satisfied with the India alliance)
ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തമ്മില്‍ പരസ്പരം വിശ്വാസക്കുറവുണ്ടെന്ന് ഡി രാജ തുറന്നടിച്ചു. സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാത്തത് പരസ്പര ബഹുമാനക്കുറവാണ് സൂചിപ്പിക്കുന്നതെന്ന് ഡി രാജ വിമര്‍ശിച്ചു. ബിജെപിയെ പ്രതിരോധിക്കാനാണ് ഇന്ത്യ മുന്നണി രൂപീകരിച്ചതെങ്കിലും ഇക്കാര്യങ്ങള്‍ കൊണ്ട് ജാര്‍ഖണ്ഡില്‍ സിപിഐയും സിപിഐഎമ്മും ഇന്ത്യ സഖ്യത്തിലായിരുന്നില്ല മത്സരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹരിയാനയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടി ചൂണ്ടിക്കാട്ടി ഡി രാജ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ഹരിയാനയില്‍ ഉള്‍പ്പെടെ ഇന്ത്യ സഖ്യം ഒരുമിച്ച് നിന്നിരുന്നെങ്കില്‍ ബിജെപി അധികാരം നേടുന്ന സാഹചര്യം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയിലെ പ്രധാന കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : CPI is not satisfied with the India alliance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here