റോഡ്രി, എന്‍സോ ഫെര്‍ണാണ്ടസ്, കര്‍ട്ടിസ് ജോണ്‍സ് എന്നിവരെ നോട്ടമിട്ട് റയല്‍; ബയേണ്‍, പിഎസ്ജി താരങ്ങളെയും റാഞ്ചാന്‍ നീക്കം
ടോണിക്രൂസ് എന്ന ജര്‍മ്മന്‍ മധ്യനിരക്കാരന്റെ അഭാവം ഉണ്ടാക്കിയ നഷ്ടം ചെറുതല്ലെന്ന് തിരിച്ചറിയുകയാണ് റയല്‍ മഡ്രിഡ്. ഏത് പ്രതിസന്ധിയിലും വിശ്വാസിക്കാവുന്ന ടോണിക്രൂസിനെ പോലെയുള്ള താരങ്ങളെ നോട്ടമിട്ട ക്ലബ്ബ് മാനേജ്‌മെന്റ് അവരെ എന്ത് വില കൊടുത്തും സ്‌ക്വാഡിലുള്‍പ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്. മഡ്രിഡ് പത്രമായ ഡയറിയോ എഎസിന്റെ റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് റോഡ്രി, ചെല്‍സിയില്‍ നിന്ന് എന്‍സോ ഫെര്‍ണാണ്ടസ്, ലിവര്‍പൂളില്‍ നിന്ന് കര്‍ട്ടിസ് ജോണ്‍സ് എന്നിവരെ റയലിലെത്തിക്കാനാണ് നീക്കം ശക്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരായ വിജയത്തോടെ മാഡ്രിഡിനെ പതിനഞ്ചാം യൂറോപ്യന്‍ കപ്പിലേക്ക് നയിച്ച ടോണിക്രൂസ് തന്റെ 34-ാം വയസില്‍ ക്ലബ് ഫുട്‌ബോള്‍ അപ്രതീക്ഷിതമായി അവസാനിപ്പിക്കുകയായിരുന്നു. ഇത് റയലിന് ഉണ്ടാക്കിയത് വലിയ വിടവാണെന്ന് തെളിയിക്കുന്നതാണ് ചാമ്പ്യന്‍സ് ലീഗിലെ അവരുടെ പ്രകടനം. ഈ സീസണില്‍ ജര്‍മ്മന്‍ താരമില്ലാതെ കാര്‍ലോ ആന്‍സലോട്ടിയുടെ ടീം യൂറോപ്പില്‍ പോരാടിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗിലെ അഞ്ച് മത്സരങ്ങളില്‍ മൂന്നിലും പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ലാ ലിഗ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉണ്ടെങ്കിലും ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായി ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിലാണ് കിടക്കുന്നത്.
അതേ സമയം ജര്‍മ്മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെ ജോഷ്വ കിമ്മിച്ച്, ഫ്രഞ്ച് ക്ലബ്ബ് ആയ പാരീസ് സെന്റ് ജര്‍മ്മന്‍ താരം വിറ്റിന്‍ഹ എന്നിവരെയും റയല്‍ ടീമിലെത്തിച്ചേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഈ സീസണിന്റെ അവസാനത്തില്‍ ബയേണുമായി കിമ്മിച്ചിന്റെ കരാര്‍ അവസാനിക്കുകയാണ്. ക്ലബ്ബിനും രാജ്യത്തിനുമായി 29-കാരനായ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
പിഎസ്ജിയുടെ 24 കാരനായ വിറ്റിന്‍ഹ 2027 വരെ ക്ലബ്ബുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും താരത്തിനായി റയല്‍ നോട്ടമിടുന്നുണ്ട്.
Story Highlights: Rodri Enzo Fernandez and Curtis Jones Real Madrid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here