‘ഒറ്റുകാരനായ എന്നെ പാലക്കാട് എടുത്തോളാം എന്നാണ് യുവമോർച്ചയുടെ കൊലവിളി, ഈ ബിജെപിക്കാർക്ക് ഇതെന്തുപറ്റി’; ഭീഷണിക്ക് വഴങ്ങില്ലെന്ന് സന്ദീപ് വാര്യർ

ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം.എന്നാൽ വിഷയത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
യുവമോർച്ചയുടെ കൊലവിളി മുദ്രാവാക്യം കേട്ടു. ഒറ്റുകാരനായ എന്നെ പാട്ടാപ്പകൽ പാലക്കാട് എടുത്തോളാം എന്നാണ് കൊലവിളി. ഈ ബിജെപിക്കാർക്ക് ഇതെന്തുപറ്റിയെന്നും സന്ദീപ് വാര്യർ ചോദിക്കുന്നു. മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന് കെ സുരേന്ദ്രൻ പറയുന്നു. പത്രം ആപ്പീസുകൾക്കുള്ളിൽ കയറി ശരിയാക്കി കളയും എന്നാണ് സംസ്ഥാന പ്രസിഡണ്ട് പറയുന്നത്.
അസഹിഷ്ണുതയുടെ , വെറുപ്പിന്റെ കൂടാരമായി മാറിയ നിങ്ങളിൽ നിന്ന് അകന്നു നടക്കാൻ തീരുമാനിച്ചത് ശരിയായിരുന്നു എന്ന് നിങ്ങൾ തന്നെ വീണ്ടും വീണ്ടും എന്നെ ബോധ്യപ്പെടുത്തുകയാണ്. നിങ്ങളുടെ കൊലക്കത്തി പ്രതീക്ഷിച്ചു തന്നെയാണ് ഞാനിരിക്കുന്നത്. എനിക്ക് അശേഷം ഭയമില്ല. ഒറ്റുകാരും കൂടെ നിന്ന് ചതിക്കുന്നവരും ബിജെപി ഓഫീസിനകത്താണ് ഇരിക്കുന്നത്. അത് ഞാനല്ല.
എനിക്ക് നേരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയ യുവമോർച്ചയോടാണ് പറയാനുള്ളത്.
എൻ്റെ നേരെ കൊലവിളി മുദ്രാവാക്യം വിളിക്കാൻ കാണിച്ച ആത്മാർത്ഥതയുടെ നൂറിൽ ഒരംശം ഉണ്ടായിരുന്നെങ്കിൽ ഇന്നലെ കേരളത്തിലെ 13 ജില്ലയിലും കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ റാലി നടക്കേണ്ടതായിരുന്നു. നിങ്ങൾക്കിപ്പോൾ ജയകൃഷ്ണൻ മാസ്റ്റർ പോലും കണ്ണൂരിൽ മാത്രം ഒതുക്കേണ്ട പേരായല്ലോ.
കൊലയാളിയായ പിണറായി വിജയനെ രക്ഷിച്ചെടുക്കുന്ന ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ നട്ടെല്ല് നിവർത്തി എതിർക്കാൻ തന്റേടം ഉള്ള ഒരുത്തൻ പോലും നിങ്ങൾക്കിടയിൽ ഇല്ലല്ലോ. കെ ടി ജയകൃഷ്ണൻ അനുസ്മരണ റാലി പോലും സിപിഐഎമ്മിന്റെ തീട്ടൂരത്തിന് വഴങ്ങി കണ്ണൂരിലേക്ക് മാത്രമായി ഒതുക്കിയ കെ സുരേന്ദ്രനും കൂട്ടാളികൾക്കും എതിരെ ശബ്ദിക്കാൻ നട്ടെല്ലില്ലാത്തവർ എന്നെ ഭീഷണിപ്പെടുത്താൻ വരരുത്. നിങ്ങളുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങി തരാൻ സൗകര്യമില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
Story Highlights : Sandeep Varrier Against BJP Yuvamorcha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here