BJP തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കള്ളപ്പണം സൂക്ഷിച്ചു, കൈകാര്യം ചെയ്തത് ജില്ലാ അധ്യക്ഷനും സെക്രട്ടറിയും ട്രഷററും ചേര്‍ന്ന്; വീണ്ടും വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്
കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. ആറു ചാക്കുകളിലായി ഒന്‍പത് കോടി രൂപ ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നെന്നും ഇത് പിന്നീട് എവിടേക്ക് കൊണ്ട്‌പോയെന്ന് തനിക്ക് അറിയില്ലെന്നും സതീഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായി മൊഴി രേഖപ്പെടുത്തിയെന്നും തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഹസ്യസ്വഭാവമുള്ള തെളിവുകള്‍ ആയതിനാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അത് പ്രദര്‍ശിപ്പിക്കാന്‍ ആകില്ലെന്നും വ്യക്തമാക്കി.
കള്ളപ്പണക്കാരെ തുരത്തും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസിലാണ് 9 കോടി രൂപ കള്ളപ്പണം സൂക്ഷിച്ചത്. കള്ളപ്പണക്കാരെ തുരത്തുമെന്ന് പ്രധാനമന്ത്രി പറയുകയും പാര്‍ട്ടി ഓഫീസില്‍ കള്ളപ്പണം സൂക്ഷിക്കുകയും ആണ് ചെയ്യുന്നത്. പ്രധാനമന്ത്രി ഉടനെതന്നെ ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം. ജില്ലാ കാര്യാലയത്തില്‍ കള്ളപ്പണം സൂക്ഷിച്ചവര്‍ ഇന്നും ഭാരവാഹികള്‍ ആയിരിക്കുന്നു. ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടശേഷം കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കണം – തിരൂര്‍ സതീഷ് വ്യക്തമാക്കി.
ജില്ലാ അധ്യക്ഷന്‍ കെ കെ അനീഷ് കുമാര്‍, ജില്ലാ സെക്രട്ടറി കെ ആര്‍ ഹരി, ജില്ലാ ട്രഷറര്‍ സുജയസേനന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണമാണ് തിരൂര്‍ സതീഷ് ഉന്നയിക്കുന്നത്. ധര്‍മ്മരാജന്‍ വന്നു പോയതിനുശേഷം ജില്ലാ ട്രഷറര്‍ സുജയസേനന്‍ മൂന്ന് ചാക്ക് കെട്ടുകളിലെ പണം കൊണ്ടുപോയി. രണ്ടുപേരോടൊപ്പം വന്ന് പണം കൊണ്ടുപോവുകയായിരുന്നു. കെ കെ അനീഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് പണം കൈകാര്യം ചെയ്തത്. ജില്ലാ സെക്രട്ടറി കെ ആര്‍ ഹരിക്കും പങ്കുണ്ട്. ഒന്നരക്കോടി രൂപ തെരഞ്ഞെടുപ്പ് കഴിയും വരെ ഓഫീസില്‍ സൂക്ഷിച്ചു – അദ്ദേഹം വ്യക്തമാക്കി.
തൃശ്ശൂര്‍ പൂരത്തിന് തൊട്ടുമുന്‍പായി ഒരു ചാക്കിലും ബിഗ് ഷോപ്പറുമായി പണം കൊണ്ടുപോയി. കെ കെ അനീഷ്‌കുമാറും ഹരിയും സുജയസേനനും ചേര്‍ന്നാണ് പണം കൊണ്ടുപോയത്. കെ കെ അനീഷ് കുമാറിന്റെ കാറില്‍ ആയിരുന്നു പണം കൊണ്ട്‌പോയത്. വസ്തുക്കള്‍ വാങ്ങിയിട്ടുണ്ടോ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടോ എന്നത് പരിശോധിച്ചാല്‍ കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താം. ഒന്നരക്കോടി രൂപ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്കായി ഈ പണം ഉപയോഗിച്ചതായി അറിയില്ല. ഓഡിറ്റിംഗ് ചെയ്തത് താനാണ്. ജില്ലാ കമ്മിറ്റി ഓഫീസില്‍ വരുന്നതിനു മുന്‍പും ഇപ്പോഴുമുള്ള ഇവരുടെയും സ്വത്തും പരിശോധിക്കണം – സതീഷ് ആവശ്യപ്പെട്ടു.
Story Highlights : Tirur Sathish reveals more about Kodakara black money case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here