Advertisement

പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്; മാർഗനിർദേശങ്ങൾ ലംഘിച്ചതിൻ്റെ കാരണം എന്ത്? നടപടി അനുവദിക്കാനാവില്ല, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

December 4, 2024
Google News 2 minutes Read
temple

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവവുമായി ബന്ധപ്പെട്ട ആന എഴുന്നള്ളിപ്പിൽ മാർഗനിർദേശങ്ങൾ ലംഘിച്ചതിൻ്റെ കാരണം എന്തെന്ന് ഹൈക്കോടതി ദേവസ്വത്തിനോട് ചോദിച്ചു. മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്. സാമാന്യ ബുദ്ധി പോലുമില്ലേ എന്നും കോടതി രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.

ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പില്‍ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ജില്ല കളക്ടർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കളക്ടർ ഓൺലൈനായാണ് കോടതിയിൽ ഹാജരായത്. ഉത്സവത്തിന്റെ ആദ്യ മൂന്നുദിവസം മാർഗനിർദേശങ്ങൾ പാലിച്ചിരുന്നു. എന്നാൽ നാലാം ദിനം വൈകുന്നേരം മാർഗനിർദേശങ്ങൾ ലംഘിച്ച് എഴുന്നള്ളിപ്പ് നടത്തുകയും ആനകൾ തമ്മിലുള്ള അകലപരിധി പാലിച്ചില്ലെന്നും കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഇത്തരത്തിലുള്ള നടപടി അനുവദിക്കാനാവില്ലെന്ന് കോടതി താക്കീത് നൽകി. ഒരു ദിവസമാണെങ്കിലും അത് നിയമലംഘനം തന്നെയാണെന്ന്  ഹൈക്കോടതി കൂട്ടിച്ചേർത്തു.

Read Also: നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പത്തനംതിട്ട കളക്ടറേറ്റിലേക്കാണ് മാറ്റിയത്

ദേവസ്വം ഭാരവാഹികൾ ഉത്തരവാദിത്തപരമായി പെരുമാറണം, നടന്നത് കോടതിയോടുള്ള പരസ്യമായ വെല്ലുവിളിയാണ്, ജാമ്യം ലഭിക്കാത്ത കുറ്റമാണിത്. സുരക്ഷ മുൻനിർത്തിയാണ് കോടതിയുടെ ഓരോ നിർദേശങ്ങളും, ഉത്തരവ് പാലിക്കണമെന്ന് കളക്ടർ പറഞ്ഞിട്ടും ദേവസ്വം ഓഫീസർ അനുസരിച്ചില്ല. ഇങ്ങനെയാണെങ്കിൽ ഈ ആനകളെ അടുത്ത ഉത്സവം മുതൽ എഴുന്നള്ളിപ്പിക്കാനുള്ള അനുമതി പിൻവലിക്കുമെന്നും കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും ആന ഉടമകൾക്കും കോടതി മുന്നറിയിപ്പ് നൽകി. മാർഗനിർദേശങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കണമെന്ന് കളക്ടറോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കണം. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണം.ദേവസ്വം ബോർഡ് ഓഫീസറോട് സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കിൽ ആവശ്യമായ നടപടികൾ എടുക്കും. അടുത്തയാഴ്ച്ച ഇതുമായി ബന്ധപ്പെട്ട വിശദീകരണം നൽകണമെന്നും കോടതി കളക്ടറോട് ആവശ്യപ്പെട്ടു.

Story Highlights : Poornathrayeesha temple festival highcourt warning to cochin devaswam on elephant case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here