Advertisement

‘സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി താലിബാൻ’; നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകൾക്കും നിരോധനം

December 4, 2024
Google News 2 minutes Read

അഫ്​ഗാനിസ്ഥാനിലെ ആരോ​ഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താലിബാൻ. നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ നിന്ന് സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് താലിബാൻ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വാർത്താ ഏജൻസികളാണ് വിവരം പുറത്ത് വിട്ടത്.

താലിബാൻ പരമോന്നത നേതാവിൻ്റെ ഉത്തരവിനെ തുടർന്നാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ട്. ഇനിമുതൽ സ്ത്രീകൾ ക്ലാസുകളിലേക്ക് വരേണ്ടതില്ലെന്ന് ഈ മേഖലയിലുള്ള വിവിധ സ്ഥാപനങ്ങൾ നിർദ്ദേശം നൽകികഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിപ്പ് നൽകിയെങ്കിലും താലിബാൻ സർക്കാരിന്റെ ആരോഗ്യ മന്ത്രാലയം ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്നും ഇവിടെ നിന്നും പരിശീലനം നേടുന്ന സ്ത്രീകൾ പറയുന്നു.

രാജ്യത്ത് ആരോഗ്യ പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് താലിബാന്റെ പുതിയനീക്കം. 17,000ത്തിലധികം യുവതികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മെഡിക്കൽ പരിശീലനം നടത്തിവന്നിരുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്ഥാപനങ്ങൾ അടച്ചിടണമെന്ന് താലിബാൻ സർക്കാർ നിർദേശം നൽകിയതായാണ് നടത്തിപ്പുകാർ പറയുന്നത്.

2021ൽ താലിബാൻ അധികാരത്തിലേറിയ സമയം മുതൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. നിലവിൽ സ്ത്രീകൾക്ക് ഉന്നതവിദ്യാഭ്യാസം നേടാനുള്ള അവസാന മാർഗത്തിനെയാണ് താലിബാൻ തടയിടുന്നത്. സ്ത്രീകളെ ചികിത്സിക്കാൻ പുരുഷ ഡോക്ടർമാർക്ക് അനുവാദമില്ല എന്ന കാരണത്താലാണ് ഈ മേഖലയിൽ മാത്രം സ്ത്രീകൾക്ക് ഇളവ് ലഭിച്ചിരുന്നത്.

രാജ്യത്ത് പ്രൊഫഷണൽ മെഡിക്കൽ, പാരാ മെഡിക്കൽ സ്റ്റാഫുകളുടെ എണ്ണം കുറവായതിനാൽ പുതിയ നിരോധനം നിലവിലെ സ്ഥിതി​ഗതികൾ കൂടുതൽ വഷളാക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ ഔദ്യോ​ഗികമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ആരോഗ്യ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി നിരോധനം സ്ഥിരീകരിച്ചിട്ടുണ്ട്.

പുതിയ നിർദ്ദേശം അറിയിക്കുന്നതിനായി ഡിസംബർ 2ന് ആരോഗ്യ വിഭാ​ഗം ഉദ്യോഗസ്ഥർ വിദ്യാഭ്യാസ സ്ഥാപന മേധാവികളുമായി കാബൂളിൽ ഒരു കൂടിക്കാഴ്ച നടത്തിയതായും അവസാന പരീക്ഷകൾ പൂർത്തിയാക്കാൻ ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് 10 ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. അതേസമയം, സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ താലിബാൻ ഇതാദ്യമായല്ല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

സെക്കൻഡറി സ്കൂളിൽ ചേരുന്നതിൽ നിന്ന് താലിബാൻ ഭരണകൂടം പെൺകുട്ടികളെ തടഞ്ഞിരുന്നു. ജോലിയിലേയ്ക്കും വിദ്യാഭ്യാസത്തിലേയ്ക്കുമുള്ള സ്ത്രീകളുടെ പ്രവേശനവും നിയന്ത്രിച്ചിരുന്നു. വസ്ത്രധാരണത്തിന് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ ചേരുന്നതിൽ നിന്ന് സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ താലിബാൻ ഒരുങ്ങുന്നത്.

Story Highlights : Restrictions on women taliban to ban nursing and midwifery courses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here