കൂടുതല്‍ മുസ്ലിം പള്ളികള്‍ക്ക് മേല്‍ അവകാശം ഉന്നയിക്കുന്നതില്‍ ആർഎസ്എസില്‍ ആശങ്കയെന്ന് റിപ്പോർട്ട്

അന്ന് ആർഎസ്എസ് തലവൻ മോഹൻ ഭഗവത് സംസാരിച്ചത് വാരണാസിയിലായിരുന്നു. 2022 ജൂൺ മാസം. ഗ്യാൻവാപി മസ്ജിദിന് മുകളിൽ ഹിന്ദുക്കൾ അവകാശം ഉന്നയിച്ച് കോടതിയിൽ കേസ് നടക്കുന്ന സമയം. ആർഎസ്എസ് തലവൻ പറഞ്ഞത്, ഹിന്ദുക്കൾ മുസ്ലീങ്ങൾക്ക് എതിരല്ല എന്നായിരുന്നു. ‘ മുസ്ലീങ്ങളുടെ മുൻഗാമികൾ ഹിന്ദുക്കളായിരുന്നു. ഇന്ത്യയിൽ ക്ഷേത്രങ്ങൾ തകർക്കപ്പെട്ടത് ഹിന്ദുക്കളുടെ സ്വത്വം ഇല്ലാതാക്കാൻ ആണെന്ന് പലരും കരുതി. തകർക്കപ്പെട്ട ക്ഷേത്രങ്ങൾ പുനസ്ഥാപിക്കണമെന്ന് പലരും ഇന്ന് ആവശ്യപ്പെടുന്നു. ഓരോ ദിവസവും പുതിയ പുതിയ അവകാശവാദങ്ങൾ ഉന്നയിക്കരുത്. സംഘർഷം രൂക്ഷമാക്കുന്നത് എന്തിനാണ്? ഗ്യാൻവാപിയിൽ ഹിന്ദു വിശ്വാസം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. എന്തിനാണ് ഓരോ പള്ളിയിലും ശിവലിംഗം തേടി പോകുന്നത്?’.
ആർഎസ്എസ് തലവന്റെ നാഗ്പൂരിലെ ഈ പ്രസംഗം ഇപ്പോൾ രാജ്യത്തെ വിവാദ സംഭവങ്ങളിൽ കൂടി ചേർത്ത് വായിക്കപ്പെടേണ്ടതുണ്ട്. സംഭലിലെ ഷാഹി ജമാ മസ്ജിദിലും അജ്മീറിലെ അജ്മീർ ശരീഫ് ദർഗയിലും ഹിന്ദു വിഭാഗം ഉന്നയിച്ച അവകാശവാദത്തിൽ സംഘപരിവാർ ഇതുവരെ അനുകൂലിച്ച് രംഗത്ത് വന്നിട്ടില്ല. ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങൾ ഇസ്ലാമിക അധിനിവേശത്തിൽ തകർക്കപ്പെട്ടു എന്ന ആർഎസ്എസ് വാദത്തോട് ചേർന്ന് നിൽക്കുന്നതാണെങ്കിലും സംഭലിലും അജ്മീറിലും സംഘപരിവാർ മൗനം തുടരുകയാണ്.
ഇത്തരത്തിൽ ഒരുപാട് അധികം മുസ്ലിം ആരാധനാലയങ്ങൾക്ക് മുകളിൽ ഹിന്ദുക്കൾ അവകാശവാദം ഉന്നയിക്കുന്നത്, കാശി, മധുര എന്നിവിടങ്ങളിൽ ക്ഷേത്ര നിർമ്മാണം എന്ന ആവശ്യത്തെ ദുർബലപ്പെടുത്തുമെന്ന് ആർഎസ്എസ് കണക്കുകൂട്ടുന്നു. ദി ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ പ്രതികരണത്തിൽ ഒരു ആർഎസ്എസ് ലീഡർ പറഞ്ഞത് തങ്ങളുടെ മൂന്നാവശ്യങ്ങൾ രാമ ക്ഷേത്രം കാശി മധുര എന്നിവയാണ് എന്നാണ്. എന്നാൽ രാജ്യത്തിന്റെ പല ഭാഗത്തുനിന്നായി ഇത്തരം ആവശ്യങ്ങൾ ഉയരുന്നത് തങ്ങളുടെ യഥാർത്ഥ ആവശ്യത്തെ ദുർബലപ്പെടുത്തുമെന്നും ആർഎസ്എസ് നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു. വിഷയത്തിൽ പേര് വെളിപ്പെടുത്തി പ്രതികരിക്കാൻ ഒരു ആർഎസ്എസ് നേതാവും തയ്യാറാകുന്നില്ല എന്ന കാര്യവും റിപ്പോർട്ടിലുണ്ട്.
Read Also: അസമില്‍ ബീഫ് നിരോധനം; ഹോട്ടലുകളിലും പൊതുപരിപാടികളിലും ബീഫ് ഉപയോഗം പൂര്‍ണമായി വിലക്കി
ഇനി ആർഎസ്എസ് തലവന്റെ പ്രസംഗത്തിലേക്ക് തിരികെ വന്നാൽ, വളരെ പ്രസക്തമായ ചില വാദങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ‘ പള്ളികൾക്ക് അകത്തു നടക്കുന്നതും പ്രാർത്ഥനയാണ്. അത് പുറത്തുനിന്നു വരുന്നു എന്നുള്ളത് ശരിയാണ്. എന്നാൽ മുസ്ലീങ്ങൾ പുറത്തുനിന്നുള്ളവരല്ല. അവർ ആ കാര്യം മനസ്സിലാക്കേണ്ടതുണ്ട്. അവർ ആ വിശ്വാസം തുടരുന്നത് തീർത്തും സ്വീകാര്യവുമാണ്. ഏതെങ്കിലും തരത്തിലുള്ള വിശ്വാസത്തെ ആർഎസ്എസ് എതിർക്കുന്നുമില്ല’ – മോഹൻ ഭഗവത് പറഞ്ഞു.
എന്നാൽ ആർഎസ്എസ് തലവന്റെ നിലപാട് സംഘപരിവാറിൽ കാര്യമായി അനുകൂലിക്കപ്പെട്ടില്ല. മധ്യപ്രദേശിലെ ധറിൽ കമൽ മൗല പള്ളിയും ദില്ലിയിലെ കുത്തബ് മിനാറും ആഗ്രയിലെ താജ്മഹലും ഹിന്ദു ആരാധനാലയങ്ങൾ ആയിരുന്നു എന്ന വാദം ശക്തിപ്പെടുകയാണ് ചെയ്തത്. ഹിന്ദു സമൂഹം ഇന്ത്യയിൽ നേരിട്ട ചരിത്രപരമായ അനീതി തിരുത്തപ്പെടേണ്ടതാണ് എന്ന നിലപാട് ആർഎസ്എസ് കേഡറുകളിൽ നിലനിന്നതാണ് മോഹൻ ഭഗവതിയുടെ നിലപാട് സ്വീകരിക്കപ്പെടാതെ പോകാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. ഈ മത വൈകാരികത ശക്തമായി ഉന്നയിക്കപ്പെട്ടത് ജാർഖണ്ഡ്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചു.
അജ്മീറിലും സംഭലിലും കോടതി വ്യവഹാരം എങ്ങനെ മുന്നോട്ടു പോകുന്നു എന്നത് വിലയിരുത്തിയ ശേഷം അതിൽ നിലപാട് പറയാം എന്ന നിലയിലാണ് ആർഎസ്എസ് ഇപ്പോൾ. സംഭലിൽ വിചാരണ കോടതി നടപടികൾ നിർത്തിവെച്ച സുപ്രീംകോടതി, സർവ്വേ റിപ്പോർട്ട് സീൽഡ് കവറിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഒപ്പം മസ്ജിദ് കമ്മിറ്റിക്ക് ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി അനുവാദം നൽകി.
ഗ്യാൻവാപി പള്ളി, മധുര ഈദ്ഗാഹ് പള്ളി എന്നിവയാണ് ആർഎസ്എസിന്റെ പ്രഥമ പരിഗണനയിലുള്ളത്. അയോദ്ധ്യാ വിവാദം കത്തി നിൽക്കുന്നതിനു മുൻപ് തന്നെ രാജ്യത്തെ പല പള്ളികളുമായി ബന്ധപ്പെട്ടു സമാനമായ ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും അതൊന്നും ആർഎസ്എസിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നില്ല. എന്നാൽ ഇപ്പോൾ ഉയർന്നിരിക്കുന്ന വാദങ്ങളെ ആർഎസ്എസ് തീർത്തും തള്ളുന്നുമില്ല. മറ്റൊരു പ്രധാനപ്പെട്ട ആർഎസ്എസ് നേതാവിന്റെതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്ന വാദം, ‘ ഓരോന്നിലും വിഷയാധിഷ്ഠിത നിലപാട് സ്വീകരിക്കും’ എന്നാണ്. ‘ ഇവയിൽ യഥാർത്ഥ ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതിനെ പരിഗണിച്ചേ മതിയാകൂ. രാജ്യത്തെ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് ശരിയായ കാഴ്ചപ്പാടിൽ വേണം അതിൽ നിലപാടെടുക്കാൻ. അതിനെല്ലാം മുകളിൽ ഇവിടെ വഖഫ് വിഷയം ഉണ്ട്. രാജ്യത്ത് ഇഷ്ടമുള്ള സ്വത്തിൽ അവകാശവാദം ഉന്നയിക്കാനാവുന്ന സാഹചര്യമാണ്. സംഭലിൽ ആദ്യം വേണ്ടത് സമാധാനമാണ്. അവിടുത്തെ തർക്ക വിഷയം പിന്നീട് പരിഗണിക്കാം,’ ആർഎസ്എസ് നേതാവ് പറഞ്ഞു.
രാജ്യത്തെ ഹിന്ദു സമൂഹത്തിനു മുകളിൽ ആർഎസ്എസിന് നിയന്ത്രണമില്ലെന്നും മോഹൻ ഭഗവത്തിന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. ചില വ്യക്തികൾ ക്ഷിപ്ര രാഷ്ട്രീയ നേട്ടത്തിനും ശ്രദ്ധ പിടിച്ചു പറ്റാനും വേണ്ടി ഇത്തരം വാദങ്ങൾ ഉന്നയിക്കുകയാണെന്ന് നിലപാട് ആർഎസ്എസിൽ ചില നേതാക്കൾക്കുണ്ട്. കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നതിനാൽ പലരും സംഘപരിവാറായി ചമഞ്ഞ് ശ്രദ്ധ നേടിയെടുക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ആർഎസ്എസിന് ഇത്തരം ഹ്രസ്വകാല ലക്ഷ്യങ്ങളില്ലെന്നും സംഘം അച്ചടക്കമുള്ള സംഘടനയാണെന്നും ഇവർ പറയുന്നുണ്ട്. രാമക്ഷേത്ര വാദം ഉന്നയിച്ചത് ഹിന്ദു സമൂഹത്തിന്റെ ആത്മാഭിമാനം ഉയർത്താനും അവർക്ക് ആത്മവിശ്വാസമേകാനും ആണെന്ന് മറ്റൊരു ആർഎസ്എസ് നേതാവ് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here