‘എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്നതിന് നല്ല നമസ്‌കാരം’; പത്രവാർത്തയിൽ ഫോട്ടോ മാറി നല്‍കിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ
അനധികൃധ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്റെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ രാജൻ. പത്രത്തില്‍ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണികണ്ഠൻ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം താരം അറിയിച്ചിരിക്കുന്നത്.
‘അനധികൃത സ്വത്ത് സമ്പാദനക്കേസ്: നടന്‍ മണികണ്ഠന് സസ്‌പെന്‍ഷന്‍’ എന്ന വാര്‍ത്തയിലാണ് നടന്‍ മണികണ്ഠന്‍ ആചാരിയുടെ ചിത്രം നല്‍കിയിരിക്കുന്നത്. മലപ്പുറം എഡിഷനിലെ വാര്‍ത്തയിലായിരുന്നു ഇത്. കെ.മണികണ്ഠന് പകരം നല്‍കിയത് മണികണ്ഠന്‍ ആചാരിയുടെ ചിത്രമാണ്.
വേണ്ടത്ര ശ്രദ്ധയില്ലാതെ വാര്‍ത്ത നല്‍കിയത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് മണികണ്ഠന്‍ ആചാരി പത്രത്തിനെതിരെ രംഗത്തെത്തിയത്.
ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന് -മണികണ്ഠന്‍ പറഞ്ഞു.
അയാള്‍ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നെങ്കില്‍ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല. നിയമപരമായി മുന്നോട്ടുപോകും. ജീവിതത്തില്‍ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല.
അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്നവർക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നുവെന്ന് വിഡിയോ സന്ദേശത്തില്‍ മണികണ്ഠന്‍ പറഞ്ഞു.
Story Highlights : manikandan legal action against wrong picture in the news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here