കോട്ടയത്ത് സ്കൂൾ ബസ് തലയിലൂടെ കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം
റോഡ് മുറിച്ച് കടക്കവെ സ്കൂൾ ബസിടിച്ച് വയോധികന് ദാരുണാന്ത്യം. കോട്ടയം ഭരണങ്ങാനം മറ്റത്തിൽ ഭൂമിരാജാണ് (80) മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ ഭരണങ്ങാനം ടൗണിൽ നിന്ന് ചൂണ്ടച്ചേരിയിലേയ്ക്ക് തിരിയുന്ന ജങ്ഷനിലായിരുന്നു അപകടം. ഹോട്ടലിൽ നിന്ന് ചായ കുടിച്ച് ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമുണ്ടായത്.
ബസ് ഇടിച്ച് റോഡിൽ വീണ ഭൂമിരാജിന്റെ തലയിലൂടെ സ്കൂൾ ബസിന്റെ പിന്നിലെ ചക്രം കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ ബസിൽ കുടുങ്ങിയ ഭൂമിരാജിനെ കുറച്ച് ദൂരം വലിച്ചിഴച്ച ശേഷമാണ് ബസ് നിർത്തിയത്. ഭൂമിരാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചൂണ്ടച്ചേരി സാൻജോസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളുമായി പോയ ബസാണ് അപകടമുണ്ടാക്കിയത്. പാലാ പൊലിസും ഫയർ ഫോഴ്സും എത്തി മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്‌നാട് സ്വദേശിയായ ഭൂമിരാജും കുടുംബവും 50 വർഷത്തോളമായി ഭരണങ്ങാനത്താണ് താമസം. ഭാര്യ: പരേതയായ അഴകമ്മ. മക്കൾ: ശെൽവരാജ്, ദുരൈരാജ്, രാസാത്തി, നാഗരാജ്, പരേതയായ ജ്യോതി. സംസ്‌കാരം പിന്നീട്.
Story Highlights : Elder man school bus accident in kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here