Advertisement

കേന്ദ്രത്തിന്റെ സഹായം കിട്ടുന്നില്ലെന്ന പല്ലവി നിർത്തണം,രണ്ടാം പിണറായി സർക്കാർ പരാജയമെന്ന് സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

December 10, 2024
Google News 1 minute Read
Muslim league mouthpiece against cm pinarayi vijayan

സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം. രണ്ടാം പിണറായി സർക്കാർ പരാജയമെന്ന് പ്രതിനിധികൾ വ്യക്തമാക്കി. പറഞ്ഞ വാഗ്‌ദാനങ്ങൾ പലതും പാലിച്ചില്ല. ലൈഫ് പദ്ധതി പാളി. കേന്ദ്രത്തിന്റെ സഹായം കിട്ടുന്നില്ലെന്ന പല്ലവി നിർത്തണം. അഞ്ചൽ, ശൂരനാട് പുനലൂർ ഏരിയ കമ്മിറ്റികളാണ് വിമർശനം ഉന്നയിച്ചത്.

കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനെതിരെ രൂക്ഷ വിമർശനമുണ്ടായി. ഇപിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് വിമർശിച്ച സമ്മേളനം ലോക്‌സഭ തെരഞ്ഞെടുപ്പ് ദിനത്തിലെ ഇപിയുടെ വെളിപ്പെടുത്തൽ തിരിച്ചടിയായെന്നും വിലയിരുത്തി.

സമ്മേളനത്തിലെ പൊതുചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളാണ് ഇ.പിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാനിധ്യത്തിലായിരുന്നു വിമർശനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുകേഷിന്റെ സ്ഥാനാർഥിത്വത്തിന് എതിരെയും പ്രതിനിധികൾ രംഗത്തുവന്നു. മുകേഷിനെ കൊല്ലത്ത് സ്ഥാനാർഥിയാക്കിയത് ആരുടെ നിർദേശപ്രകാരമാണെന്ന് ചോദ്യമുന്നയിച്ച പ്രതിനിധികൾ, മറ്റാരെയെങ്കിലും സ്ഥാനാർഥി ആക്കിയിരുന്നെങ്കിൽ ഇത്ര വലിയ പരാജയം ഉണ്ടാകില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ചടയമംഗലത്ത് നിന്നുള്ള പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്

സിപിഐഎം ഇന്ത്യ മുന്നണിയുടെ ഭാഗമാണോ എന്ന ചോദ്യവും സമ്മേളനത്തിലുയർന്നു. ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകാൻ ചുക്കാൻ പിടിച്ചത് സിപിഐഎം ആണ്. ഇന്ത്യ മുന്നണിയിൽ സിപിഐഎം ഉണ്ടോയെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും പ്രതിനിധികൾ പറഞ്ഞു.

Story Highlights : Pinarayi Vijayan criticized cpim kollam district conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here