മാടായി കോളേജിലെ നിയമന വിവാദം; എം കെ രാഘവന് എതിരായ പരസ്യ പ്രതിഷേധം അവസാനിപ്പിക്കും; ധാരണ കെപിസിസി ഉപസമിതി നടത്തിയ ചര്‍ച്ചയില്‍

മാടായി കോളേജിലെ നിയമന വിവാദത്തില്‍ കണ്ണൂര്‍ കോണ്‍ഗ്രസില്‍ താത്കാലിക വെടിനിര്‍ത്തല്‍.എം കെ രാഘവന്‍ എം പിയെ എതിര്‍ക്കുന്നവര്‍പരസ്യ പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. കെപിസിസി ഉപസമിതി നടത്തിയ ചര്‍ച്ചയിലാണ് ധാരണ. എന്നാല്‍ പ്രശ്‌നപരിഹാര ഫോര്‍മുല രൂപീകരിക്കാനായില്ല. സമാധാന അന്തരീക്ഷമുണ്ടാക്കാനായെന്നും വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നും സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
മാടായി കോളേജില്‍ സിപിഐഎമ്മുകാര്‍ക്ക് നിയമനം നല്‍കിയെന്ന തര്‍ക്കമാണ് കണ്ണൂര്‍ കോണ്‍ഗ്രസില്‍ പരസ്യ കലാപമായി വളര്‍ന്നത്. പരസ്യ പ്രതികരണങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന കെപിസിസി ഉപസമിതി നിര്‍ദേശം എം കെ രാഘവന്‍ വിരുദ്ധ ചേരി അംഗീകരിച്ചു. എന്നാല്‍ കോളേജില്‍ നിയമനം ലഭിച്ച എം കെ ധനേഷില്‍ നിന്ന് രാജി എഴുതി വാങ്ങണമെന്ന നിലപാടില്‍ രാഘവനെ എതിര്‍ക്കുന്നവര്‍ ഉറച്ചുനിന്നു. നിയമനം പുന: പരിശോധിക്കുന്നത് അസാധ്യമെന്നാണ് കോളേജ് ഭരണസമിതി നിലപാട്. നല്ല അന്തരീക്ഷമുണ്ടാക്കാനായെന്നും വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ഉപസമിതി നിര്‍ദേശങ്ങളുമായി സഹകരിക്കുമെന്ന് എം കെ രാഘവനെ എതിര്‍ക്കുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഉപസമിതി ചര്‍ച്ചയിലെ ധാരണ കണ്ണൂര്‍ കോണ്‍ഗ്രസിന് താത്കാലിക ആശ്വാസമാണ്. കോളേജില്‍ നിയലം ലഭിച്ച നാല് പേരില്‍ ഒരാളായ എം കെ ധനേഷിനെ ജോലിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന ആവശ്യത്തിലാണ് രാഘവനെ എതിര്‍ക്കുന്നവര്‍ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കോളേജ് ഭരണസമിതി ചെയര്‍മാനായ എം കെ രാഘവന്‍ വഴങ്ങിയേക്കില്ല. ഇതോടെ സമ്പൂര്‍ണ്ണ പ്രശ്‌ന പരിഹാര ഫോര്‍മുല ഇനിയും അകലെയാണ്. കൂടുതല്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷം കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉപസമിതി തീരുമാനം.
Story Highlights : Madayi College Recruitment Controversy; Public protest against MK Raghavan will end
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here