Advertisement

മുസ്ലീം പള്ളിക്കുള്ളില്‍ ‘ജയ് ശ്രീറാം’ വിളിക്കുന്നത് കുറ്റകരമാണോ? കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍

December 14, 2024
Google News 3 minutes Read
SUPREAM COURT

മുസ്ലീം പള്ളിക്കുള്ളില്‍ ‘ജയ് ശ്രീറാം’ വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയില്‍ അപ്പീല്‍. ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരങ്ങുന്ന ബെഞ്ചിന് മുന്നിലാണ് അപ്പീല്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 13നാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ അവഹേളിച്ചെന്നാരോപിച്ച് രണ്ട് പേര്‍ക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ദക്ഷിണ കന്നഡ ജില്ലയിലെ ബദ്‌റിയ ജുമ മസ്ജിദില്‍ കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കീര്‍ത്തന്‍ കുമാര്‍, സച്ചിന്‍ കുമാര്‍ എന്നീ രണ്ടുപേര്‍ പള്ളിയില്‍ അതിക്രമിച്ചു കടങ്ങുകയും ‘ജയ് ശ്രീറാം’ വിളിക്കുകയുമായിരുന്നു. മുസ്ലീങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ടായിരുന്നു. മതവികാരം വ്രണപ്പെടുത്തുക, അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. പിന്നീട് ഇരുവരും തങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read Also: ഭരണഘടനയെ അവഹേളിക്കുന്നതിന്റെ പാരമ്പര്യം നെഹ്‌റു കുടുംബം ഇന്നും കാക്കുന്നു, നെഹ്‌റു ഭരണഘടനയുടെ ആത്മാവ് തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തി: മോദി

കഴിഞ്ഞ സെപ്റ്റംബര്‍ 13ന് ജസ്റ്റിസ് എം നാഗപ്രസന്ന കേസില്‍ ഇരുവരെയും വെറുതെ വിട്ടു. മതത്തെയോ മത വിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വമായ ശ്രമങ്ങളെയാണ് 295 എ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് അന്ന് കോടതി നിരീക്ഷിച്ചു. ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നത് എങ്ങനെയാണ് ഒരു വിഭാഗത്തിന്റെ മത വികാരം വ്രണപ്പെടുത്തുകയെന്ന് മനസിലാക്കാന്‍ പറ്റുന്നില്ലെന്നും കോടതി വിലയിരുത്തി. പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാര്‍ദത്തോടെയാണ് ജീവിക്കുന്നതെന്ന് പരാതിക്കാരന്‍ തന്നെ വ്യക്തമാക്കുമ്പോള്‍ ഇത് ഒരു ശത്രുതയുമുണ്ടാക്കില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് ഒരു തരത്തിലും ക്രമസമാധാന നിലയെ ബാധിക്കില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

വിഷയത്തെ വിശാലമായ വീക്ഷണത്തോടെ കൈകാര്യം ചെയ്യാതെ നിയമത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് മാത്രം സമീപിക്കുകയാണ് ഹൈക്കോടതി ചെയ്തതെന്ന് സുപ്രീംകോടതിക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട അപ്പീലില്‍ പറയുന്നു. ക്രിമിനല്‍ കേസുകള്‍ റദ്ദാക്കാനുള്ള ഹരജികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന സുപ്രീം കോടതി വിധികള്‍ക്ക് എതിരായിരുന്നു ഹൈക്കോടതിയുടെ സമീപനമെന്നും വിമര്‍ശനമുണ്ട്. മുസ്ലിം പള്ളിക്കകത്ത് വന്ന് ജയ് ശ്രീ റാം വിളിച്ച പ്രതിയുടെ ഉദ്ദേശം നിഷ്‌കളങ്കമല്ലെന്നും വര്‍ഗീയ സങ്കര്‍ഷമാണ് ലക്ഷ്യമെന്നും ഹരജിയില്‍ പറയുന്നുണ്ട്. പള്ളിക്കകത്ത് അതിക്രമിച്ചു കടന്നുകൊണ്ടാണ് കുറ്റാരോപിതര്‍ ഇത്തരം ഭീഷണികള്‍ മുഴക്കിയതെന്ന വസ്തുത അവഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധിയെന്നും പറയുന്നു. മുസ്ലീം സമുദായത്തിനെതിരെയായിരുന്നു ഭീഷണിയെന്നും ചൂണ്ടിക്കാട്ടുന്നു.

Story Highlights : Is shouting “Jai Shri Ram” inside mosque an offence? Supreme Court to decide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here