‘മെക് സെവനെതിരെ അല്ല പറഞ്ഞത്; മെക് സെവൻ രാഷ്ട്രീയ-മത ചിന്തകൾക്ക് അതീതമായ പൊതു ഇടം’; പി മോഹനൻ

വ്യായാമ കൂട്ടായ്മ മെക് സെവനെതിരായ വിമർശനത്തിൽ നിലപാട് മയപ്പെടുത്തി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മെക്ക് സെവനെതിരെ അല്ല താൻ പറഞ്ഞത്. ചില ശക്തികൾ ഈ സംഘടനയിലേക്ക് നുഴഞ്ഞുകയറുന്നു എന്നാണ് പറഞ്ഞതെന്ന് പി മോഹനൻ പറഞ്ഞു. ഇതില് സംഘപരിവാർ, ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് എന്നിവർ ഉണ്ടാകാമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
നുഴഞ്ഞുകയറ്റങ്ങൾക്കെതിരായ ജാഗ്രത നിർദ്ദേശമാണ് താൻ നൽകിയതെന്ന് പി മോഹനൻ പറയുന്നു.പൊതു ഇടങ്ങളിൽ വർഗീയ ശക്തികൾ നുഴഞ്ഞുകയറുന്നതിനെതിരായ ജാഗ്രത നിർദേശമായിരുന്നു അത്. രാഷ്ട്രീയ-മത ചിന്തകൾക്ക് അതീതമായ പൊതുഇടമാണ് മെക് സെവനെന്ന് പി മോഹനൻ പറഞ്ഞു. ഇത്തരം ഇടങ്ങളിൽ പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി, ആർഎസ്എസ് തുടങ്ങിയ സംഘടനകൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകൾ നല്ലതാണെന്ന് പി മോഹനൻ പറഞ്ഞു.
മെക് സെവന് പിന്നിൽ മതരാഷ്ട്രവാദികളെന്നായിരുന്നു പി മോഹനനൻ പറഞ്ഞിരുന്നത്. മെക് 7 തുടങ്ങിയത് സദുദ്ദേശ്യത്തോടെയാണെന്നും പിന്നിൽ തീവ്രവാദസംഘടനകൾ കടന്നുകൂടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമൂഹത്തിന് ജാഗ്രത വേണമെന്ന് പി മോഹനൻ പറഞ്ഞിരുന്നു. മെക് സെവനെതിരെ സമസ്ത എ.പി വിഭാഗവും രംഗത്തെത്തിയിരുന്നു. മെക് സെവന് പിന്നിൽ ചതിയെന്നും, അതിൽ സുന്നികൾ പെട്ടുപോകരുതെന്നും സമസ്ത എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു.
Story Highlights : P Mohanan softened his remark on criticism against MEC 7
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here