Advertisement

‘ഭാവിയില്‍ ഒരു രാജ്യം ഒരു പാര്‍ട്ടി കൊണ്ടുവരാനുള്ള നീക്കം’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് അവതരണ അനുമതി നല്‍കരുതെന്ന് പ്രതിപക്ഷം

December 17, 2024
2 minutes Read
one nation one election

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കെ പ്രതിഷേധവുമായി പ്രതിപക്ഷം. ബില്ലിന് അവതരണ അനുമതി നല്‍കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കത്തു നല്‍കി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് കത്ത് നല്‍കിയത്. അതേസമയം, ലോക്‌സഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും വിപ്പ നല്‍കിയിട്ടുണ്ട്. എല്ലാ ലോക്‌സഭാംഗങ്ങളും സഭയില്‍ ഹാജരാകണം എന്നാണ് നിര്‍ദ്ദേശം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് നടപടി.

ബില്ല് അവതരിപ്പിക്കുന്നതിന് മുമ്പായി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാത്തത് ബില്ലിന്റെ സദുദ്ദേശത്തെ ചോദ്യം ചെയ്യുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി 24 നോട് പറഞ്ഞു. നിയമസഭകള്‍ ലോക്‌സഭയുടെ കാലാവധിക്ക് വിധേയമായി പ്രവര്‍ത്തിക്കുക എന്നുള്ളത് ഫെഡറല്‍ ജനാധിപത്യ വ്യവസ്ഥയുടെ നഗ്നമായ ലംഘനമെന്നും എംപി പറഞ്ഞു. അത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ കീഴാളരായി വരുന്ന അവസ്ഥ. 2034 ന് മുന്‍പ് കാലാവധി പൂര്‍ത്തിയായ നിയമസഭകള്‍ എന്ത് ചെയ്യും എന്നകാര്യത്തില്‍ വ്യക്തത ഇല്ല. അധികാരം പൂര്‍ണമായും കേന്ദ്രത്തിലേക്ക് കേന്ദ്രീകരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും – അദ്ദേഹം വിശദമാക്കി.

Read Also: കുട്ടമ്പുഴ കാട്ടാന ആക്രമണം; എല്‍ദോസിന്റെ കുടുംബത്തിനുള്ള ധനസഹായമായി 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

രാജ്യത്തെ ബഹുസ്വരതയും വൈവിധ്യവും ഇല്ലാതാക്കാനുള്ള ശ്രമമെന്നും വിമര്‍ശനമുണ്ട്. അവതരണ അനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. അവതരണത്തെ സഭയിലും ശക്തമായി എതിര്‍ക്കും. ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാരിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇല്ല – അദ്ദേഹം വിശദമാക്കി.

ബില്ല് അതരണത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ലോക്‌സഭ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടുക്കുന്നില്‍ സുരേഷ് എം പി ട്വന്റി ഫോറിനോട് പറഞ്ഞു. ബില്ല് അവതരിപ്പിച്ചാല്‍ ജെപിസിക്ക് വിടണമെന്ന് ആവശ്യപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ബില്ല് പാസാക്കാന്‍ ആവശ്യമായ ഭൂരിപക്ഷം സര്‍ക്കാറിന് ലോക്‌സഭയിലും രാജ്യസഭയിലും ഇല്ലെന്നത് ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ബില്ല് കൊണ്ടുവരുന്നതില്‍ ഗൂഢാലോചനയുണ്ട്. രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ കമ്മിറ്റി ഉണ്ടാക്കിയത് തന്നെ സര്‍ക്കാര്‍ താല്പര്യത്തിനനുസരിച്ച് റിപ്പോര്‍ട്ട് ലഭിക്കാനാണ്. ബില്ല് രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കും. ഭാവിയില്‍ ഒരു രാജ്യം ഒരു പാര്‍ട്ടി കൊണ്ടുവരാനുള്ള നീക്കമാണിത്. ബില്ല് തന്നെ പിന്‍വലിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് പ്രായോഗികമല്ല- കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

Story Highlights : Opposition parties against one nation one election bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top