മണിപ്പൂരിൽ സ്റ്റാർലിങ്ക് ഉപയോഗത്തിലുണ്ടെന്ന ആരോപണം നിഷേധിച്ച് ഇലോൺ മസ്‌ക്

സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബീമുകൾ മണിപ്പൂരിൽ ഉപയോഗത്തിലുണ്ടെന്ന വിവാദ ആരോപണം നിഷേധിച്ച് സ്പേസ് എക്സ് ടെസ്‌ല സി ഇ ഒ ഇലോൺ മസ്‌ക്. ഇംഫാൽ കിഴക്കൻ ജില്ലയിലെ മെയ്തേയ് ആധിപത്യമുള്ള പ്രദേശമായ കെയ്‌റോ ഖുനൂവിൽ സുരക്ഷാ സേന നടത്തിയ റെയ്‌ഡിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ആൻ്റിനയും റൂട്ടറും റൈഫിളുകളും പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ആരോപണം ഉയർന്നത്. സ്റ്റാർലിങ്ക് സേവനം തീവ്രവാദികളും ഉപയോഗിക്കുന്നു, ഇക്കാര്യത്തിൽ മസ്‌ക് നിയന്ത്രണം കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇന്ത്യയിൽ സ്റ്റാർലിങ്ക് ഭീമുകൾ ഓൺ ചെയ്തിട്ടില്ലെന്നാണ് മസ്‌ക് വ്യക്തമാക്കുന്നത്.
സൈന്യം നടത്തിയ തിരച്ചിലിനിടെ ആയുധങ്ങൾക്കൊപ്പം സ്റ്റാർലിങ്കിന്റെ ലോഗോയും അടയാളങ്ങളുമുള്ള ഉപകരണങ്ങൾ കണ്ടെത്തുകയായിരുന്നു. ഉപകരണങ്ങളിൽ ആർ ഡി എഫ്, പി എൽ എ (റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട്/ പീപ്പിൾസ് ലിബറേഷൻ ആർമി) എന്നിങ്ങനെയുള്ള ലിഖിതങ്ങളും ഉണ്ട്. സംഭവത്തിൽ മണിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ലോകമെമ്പാടുമുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത ഉപഗ്രഹ അധിഷ്‌ഠിത ഇൻ്റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്, എന്നാൽ ഇത് നിലവിൽ ഇന്ത്യയിൽ നിയമവിരുദ്ധമാണ്.
2023 മേയ് 3 മുതൽ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിൽ ഇടയ്ക്കിടെ സംഘർഷങ്ങൾ പതിവാണ്. വംശീയ കലാപം മൂലം മണിപ്പുരിൽ തുടരുന്ന അസ്ഥിരാവസ്ഥ കണക്കിലെടുത്ത് സായുധ സേനയുടെ പ്രത്യേകാധികാര നിയമം അഥവാ അഫ്‌സ്പ മണിപ്പൂരിൽ കേന്ദ്രം നടപ്പിലാക്കിയിരുന്നു. മണിപ്പൂരിലെ മെയ്തേയ് – കുക്കി വംശീയ കലാപത്തിൽ 200 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതുവരെ കാലാപം ബാധിക്കാതിരുന്ന മണിപ്പൂരിലെ ജിരിബാമിൽ ഇക്കഴിഞ്ഞ ജൂണിൽ ഒരു കർഷകൻ്റെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ജിരിബാമിലും കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
Story Highlights : Elon Musk denies Starlink use in Manipur, says satellite beams turned off in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here