Advertisement

ആദ്യ ദൗത്യം ജെപിസി; രാഹുലിന്റെ വരവിനെക്കാൾ ‘മാസ്സ്’, പ്രിയങ്കയിൽ വിശ്വാസം അർപ്പിക്കുന്ന കോൺഗ്രസ്

December 21, 2024
Google News 2 minutes Read

കന്നിയങ്കത്തിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചുവന്ന പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റിലെ പ്രവർത്തനങ്ങൾ എങ്ങനെയായിയിരിക്കും എന്നൊരു കൌതുകം രാഷ്ട്രീയ ഇന്ത്യക്കുണ്ട്. പ്രത്യേകിച്ച് മലയാളികൾക്ക്. രാജ്യം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയത്തിൽ നിർണായക നിലപാട് സ്വീകരിക്കാൻ പോകുന്നൊരു സമിതിയിൽ അംഗമായിക്കൊണ്ടാണ് പ്രിയങ്കയുടെ പാർലമെന്റ് ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിൽ തീരുമാനം എടുക്കാനുള്ള ജെപിസി കമ്മിറ്റിയിലേക്കാണ് കോൺഗ്രസ് പ്രിയങ്കയെ നിയോഗിച്ചിരിക്കുന്നത്.

39 അംഗ സമിതിയാണ് ജെപിസി. ഇതിൽ 27 പേർ ലോക്സഭയിൽ നിന്നാണ്. ഈ 27 പേരിൽ പതിനേഴും ഭരണപക്ഷത്തുനിന്ന്. ബിജെപിയിൽ നിന്ന് മാത്രം 12 പേരുണ്ട്. രാജ്യസഭയിൽ നിന്ന് 12 അംഗങ്ങൾ. ബിജെപി അംഗം പി പി ചൌധരിയാണ് സമിതി അധ്യക്ഷൻ. രൺദീപ് സുർജേവാലയും സുപ്രിയ സുലെയും പ്രിയങ്കപ്പൊക്കം പ്രതിപക്ഷ നിരയിലുണ്ട്. മനീഷ് തിവാരി, ധർമേന്ദ്ര യാദവ് എന്നിവരാണ് പ്രതിപക്ഷ അംഗങ്ങളിലെ മറ്റു പ്രമുഖർ. അനുരാഗ് ഠാക്കൂർ,സംബിത് പാത്ര, ബൻസൂരി സ്വരാജ് തുടങ്ങിയവരാണ് ഭരണപക്ഷത്തെ പ്രമുഖർ.

Read Also: അരി തന്ന് സഹായിക്കണം എന്ന് ഇന്ത്യയോട് അപേക്ഷ, മ്യാൻമർ അതിർത്തിയിൽ ‘അരാക്കൻ’ സൈന്യത്തിന്റെ അടി, ആകെ വിയർത്ത് ബം​ഗ്ലാദേശ്

ഭരണഘടനയെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ ലോക്സഭ പ്രവർത്തനങ്ങളുടെ തുടക്കം. ബിജെപിയേയും നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച പ്രിയങ്ക, കന്നിപ്രസംഗത്തിലൂടെ തന്റെ വരവ് അറിയിക്കുകയും ചെയ്തു. സഹോദരിയുടെ കന്നി പ്രസംഗത്തെ രാഹുൽ വാനോളം പുകഴ്ത്തി.

2004 ജൂൺ രണ്ടിന് ലോക്സഭയിലെത്തിയ രാഹുൽ ഗാന്ധി, 2005 മാർച്ച 21വരെ കാത്തിരുന്നാണ് കന്നി പ്രസംഗം നടത്തിയത്. എന്നാൽ, ജയിച്ചെത്തി ആദ്യ മാസത്തിൽ തന്നെ പ്രസംഗത്തിന് തുടക്കമിട്ടു പ്രിയങ്ക. യുപിയിലെ കർഷക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ ആദ്യ പ്രസംഗം. രാജ്യത്തെയാകെ ബാധിക്കുന്ന വിഷങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ തുടക്കം. അന്ന് ഭരണപക്ഷത്തിരുന്നത് കൊണ്ടായിരിക്കാം, രാഹുലിന്റെ പ്രസംഗത്തിൽ അത്രയങ്ങ് തീപ്പൊരിയില്ലാതെ പോയത്. പ്രതിപക്ഷത്തിരിക്കുമ്പോഴാണ്, പ്രസംഗത്തിനും മുദ്രാവാക്യത്തിനും ചൂടേറുക എന്നത് വസ്തുത.

അതീവ പ്രാധാന്യമുള്ളൊരു സമിതിയിൽ ഒരു തുടക്കക്കാരിയായ എംപിയെ ഉൾപ്പെടുത്തുന്നതിലെ യുക്തിയെ കുറിച്ച് കോൺഗ്രസിന് ആശങ്കകളില്ല. കാരണം, പാർലമെന്റിന് പുറത്ത്, മോദി സർക്കാരിന് എതിരെ ആഞ്ഞടിച്ച് പരിചയമേറെയുണ്ട് പ്രിയങ്കയ്ക്ക്. രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കുമൊപ്പം പരിഗണന കോൺഗ്രസ് പ്രിയങ്കയ്ക്ക് നൽകുന്നു.

പാർലമെന്റിനകത്തും പുറത്തും പ്രിയങ്ക കോൺഗ്രസിന്റെ പ്രധാന മുഖമായി കഴിഞ്ഞു. പല വിഷയങ്ങളിലും പ്രിയങ്കയുടെ പ്രതികരണങ്ങൾ കോൺഗ്രസിന്റെ ഔദ്യോഗിക പ്രതികരണങ്ങളായി തന്നെ വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്. രാഹുൽ ഗാന്ധി ആദ്യമായി പാർലമെന്റിൽ എത്തിയപ്പോൾ ലഭിക്കാതിരുന്ന പല അവസരങ്ങളും പ്രിയങ്കയെ തേടിയെത്തുന്നുണ്ടെന്ന് ചുരുക്കം.

Story Highlights : Priyanka Gandhi in One Nation One Election JPC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here