Advertisement

അംബേദ്കറിന്റെ പേരിൽ ബിജെപി-കോൺഗ്രസ് തമ്മിൽ തല്ല്; ‘വലയിൽ വീഴരുതെന്ന്’ അംബേദ്കറൈറ്റുകൾ

December 22, 2024
3 minutes Read

ഭരണഘടന ശിൽപി ബി ആർ അംബ്ദേകറിനെ കുറിച്ച് കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തിൽ, ഭരണപക്ഷവും പ്രതിപക്ഷവും കൊന്പുകോർക്കുകയാണ്. ഇതിനിടെ, ബി.ജെ.പിയേയും കോൺഗ്രസിനേയും രൂക്ഷമായി വിമർശിച്ച് അംബേദ്കറൈറ്റ് ചിന്തകരും പ്രസ്ഥാനങ്ങളും രംഗത്തെത്തി. സവർണ ജാതികളിൽ നിന്നുള്ളവർ നിയന്ത്രിക്കുന്ന ബിജെപിയി, കോൺഗ്രസ് പാർട്ടികളിൽ നിന്ന് അംബ്ദേകറിന്റെ ആശയങ്ങൾ പിന്തുടരുന്നവർ വിട്ടുനിൽക്കണം എന്നാണ് അംബേദ്കറൈറ്റ് ചിന്തകരുടെ ആഹ്വാനം. (b r ambedkar congress bjp rahul gandhi amit shah)

പാർലമെന്റിലെ ഭരണഘടനാ ചർച്ചയിൽ അംബേദ്കർ ആശയത്തിന്റെ അനുയായികളായി സ്വയം ഉയർത്തിക്കാട്ടാനാണ് ബി.ജെ.പിയും കോണൺഗ്രസും ശ്രമിച്ചത്. എന്നാൽ, ഇവർ അംബേദ്കർ ചിന്തയുടെ പ്രധാന ഘടകമായ ജാതിരാഹിത്യവും സാഹോദര്യവും അവഗണിച്ചെന്നും അംബേദ്കറൈറ്റുകൾ ചൂണ്ടിക്കാട്ടുന്നു.

അംബേദ്കറുടെ പേരിൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ വൈകാരികമായി ചൂഷണം ചെയ്യാൻ മുഖ്യധാരാ പാർട്ടികൾ ശ്രമിക്കുകയാണെന്ന് പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ (ഡെമോക്രാറ്റിക്) സെക്രട്ടറിയും അംബേദ്കറൈറ്റുമായ ബി ഡി ബോർക്കർ ആരോപിച്ചു.

ബ്രാഹ്മണരുമായും സവർണർ ആധിപത്യം പുലർത്തുന്ന പാർട്ടികളുമായും കൈകോർക്കുന്നതിനെതിരെ അംബേദ്കർ ദളിത് വിഭാഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ സാധൂകരിക്കാൻ ബോർകർ ചൂണ്ടിക്കാണിക്കുന്നത് അംബേദേകർ 1951-ൽ പാട്യാലയിൽ നടത്തിയ പ്രസംഗമാണ്.

”അടിച്ചമർത്തപ്പെട്ടവർ, ബ്രാഹ്മണരുണ്ടാക്കിയ പാർട്ടികളിൽ ചേർന്നാലോ, അവരോടൊപ്പം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാലോ അവർ സംരക്ഷിക്കപ്പെടില്ല. ഉയർന്ന ജാതിക്കാർ സ്വാതന്ത്ര്യം ആസ്വദിക്കുമ്പോൾ, താഴ്ന്ന ജാതിക്കാർ അതേപടി തന്നെ തുടരും. ദരിദ്രർക്ക് ഒരിക്കലും സമ്പന്നരുടെ കീഴിൽ അഭിവൃദ്ധിപ്രാപിക്കാൻ സാധിക്കില്ല. അവരുടെ ലക്ഷ്യം നേടാൻ പ്രത്യേകമായി ഒറ്റക്കെട്ടായി നിൽക്കണം”, എന്നാണ് ഈ പ്രസംഗത്തിൽ ബി ആർ അംബേദ്കർ പറയുന്നത്.

Read Also: ഇതൊക്കെ നടക്കുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നോ? 2024ല്‍ എഐ കാട്ടിയ ചില ‘കണ്‍കെട്ട് വിദ്യകള്‍’

അധഃസ്ഥിത വിഭാഗങ്ങൾ രാഷ്ട്രീയ അധികാരത്താൽ നയിക്കപ്പെടുന്നതിന് പകരം, സ്വന്തം സാമൂഹികവും സാംസ്കാരികവുമായ പ്രസ്ഥാനം കെട്ടിപ്പടുക്കുകയാണ് വേണ്ടതെന്ന് ജെഎൻയു അധ്യാപികയും ദളിത് അവകാശ പ്രവർത്തകയുമായ ഗംഗ സഹായ് മീണ പറഞ്ഞു. രാംദാസ് അത്തേവാല പരാജയപ്പെട്ടത് അദ്ദേഹം രാഷ്ട്രീയമായി നയിക്കപ്പെട്ടതിനാലാണെന്നും മീണ അവകാശപ്പെടുന്നു. ആദിവാസികളേയും ദളിതരേയും ജാതി-ഹിന്ദുത്വത്തെ പിന്തുടരാൻ ആർഎസ്എസ് നിർബന്ധിക്കുകയാണെന്നും മീണ വിമർശിക്കുന്നു. അംബേദ്കർ, പെരിയാർ, മഹാത്മാ ഫുലെ, സാവിത്രി ഫുലെ, ജയ്പാൽ സിങ് തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളുടെ ജൻമദിനങ്ങളും ഓർമ ദിനങ്ങളും ദളിത് വിഭാഗങ്ങൾ സ്വന്തം നിലയ്ക്ക് ആചരിച്ചു തുടങ്ങണമെന്നും മീണ പറയുന്നു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് മുതൽ, കോൺഗ്രസും രാഹുൽ ഗാന്ധിയും അംബേദ്കറിനെയും ഭരണഘടനയേയും ബി.ജെ.പിക്ക് എതിരായ മുഖ്യ ആയുധമാക്കി ഉയർത്തിക്കാട്ടുന്നുണ്ട്. ഭരണഘടനയും പിടിച്ചുകൊണ്ടുള്ള രാഹുലിന്റെ പ്രചാരണം ദളിത് വിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ സഹായിച്ചു എന്നാണ് കോൺഗ്രസും ബി.ജെ.പിയും വിലയിരുത്തുന്നത്. യു.പിയിൽ അടക്കം ഇത് പ്രകടമാവുകയും ചെയ്തു. ദളിത് വിഭാഗങ്ങൾ കോൺഗ്രസിനോട് കൂടുതൽ അടുക്കുന്നതിനെ ചെറുക്കാനായി ബി.ജെ.പിയും കാര്യമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതിനിടെയാണ്, പാർലമെന്റിലെ ഭരണഘടനാ ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശവും ഇതേത്തുടർന്ന് ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതും.

Story Highlights : b r ambedkar congress bjp rahul gandhi amit shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top