Advertisement

കേരളത്തില്‍ ആണവ നിലയതിനുള്ള സാധ്യത ആരാഞ്ഞ് കേന്ദ്രം; ആണവനിലയത്തിന് സ്ഥലം കണ്ടെത്താന്‍ സാധിക്കുമോ എന്ന് ചോദ്യം

December 22, 2024
Google News 2 minutes Read
khattar

കേരളത്തില്‍ ആണവ നിലയതിനുള്ള സാധ്യത ആരാഞ്ഞ് കേന്ദ്രം. ആണവനിലയത്തിന് സ്ഥലം കണ്ടെത്താന്‍ സാധിക്കുമോ എന്നാണ് കേരളത്തോട് കേന്ദ്രം ചോദിച്ചിരിക്കുന്നത്. കേന്ദ്ര ഊര്‍ജ്ജമന്ത്രി മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റേതാണ് നടപടി.

കോവളത്ത് വച്ച് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയം ഉയര്‍ന്നത്. കേരളത്തിലെ അധിക ഊര്‍ജത്തിന്റെ ആവശ്യകത, ഭാവിയില്‍ ഉണ്ടായേക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്ത് കൂടുതല്‍ ധനസഹായമടക്കം ആവശ്യപ്പെടുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് കേരളത്തിന് ആണവ നിലയം സ്ഥാപിച്ചു കൂടെ എന്ന ചോദ്യം കേന്ദ്ര മന്ത്രി ഉന്നയിക്കുന്നത്. കേരളത്തിന്റെ കടല്‍ത്തീരത്ത് മോണോസൈറ്റ് നിക്ഷേപമുണ്ട്. മോണോസൈറ്റില്‍ നിന്ന് തോറിയം ലഭിക്കും. അതുകൊണ്ട് തന്നെ തോറിയം അധിഷ്ഠിതമായ ആണവ നിലയം സ്ഥാപിച്ചുകൂടെ എന്നായിരുന്നു ചോദ്യം.

Read Also: ന്യൂനപക്ഷ വര്‍ഗീയതയെ വിമര്‍ശിക്കുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്നവരോട് സഹതാപം മാത്രം; പോസ്റ്റുമായി വിജയരാഘവന്‍

കേരള സമൂഹത്തിന്റെ പിന്തുണയില്ലാതെ ഇത്തരമൊരു ആണവ നിലയം സ്ഥാപിക്കാന്‍ കഴിയില്ലെന്ന നിലപാട് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കേന്ദ്രമന്ത്രിയെ അറിയിച്ചു. കേരളത്തിനായി കേരളത്തിന് പുറത്ത് ആണവ നിലയം സ്ഥാപിക്കാന്‍ കഴിയുമോ എന്നും വൈദ്യുതി മന്ത്രി ചോദിച്ചു. അങ്ങനെ ആണവ നിലയം സ്ഥാപിച്ചാല്‍ അവിടേയ്ക്കുള്ള തോറിയം ഇന്ധനം കേരളത്തിന് നല്‍കാനാകുമെന്നും യോഗത്തില്‍ വൈദ്യുതി മന്ത്രി അറിയിച്ചു.

കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം വൈദ്യുതി വകുപ്പ് മന്ത്രി മനോഹര്‍ലാലിന് കൈമാറി. വൈദ്യുതിയുടെ സാങ്കേതിക വാണിജ്യ നഷ്ടം കേരളത്തില്‍ 10% ത്തിന് താഴെയാണെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മനോഹര്‍ലാല്‍ അഭിപ്രായപ്പെട്ടു.ഊര്‍ജ്ജ നഗരകാര്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, കേന്ദ്ര-സംസ്ഥാന ഊര്‍ജ്ജ നഗര കാര്യാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights : Center sought possibility of nuclear power plant in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here