സാന്ദ്ര തോമസിന്റെ ആരോപണങ്ങള്‍ അപക്വം, സ്ത്രീകള്‍ പറയുന്നത് മാത്രം സത്യമെന്ന് മാധ്യമങ്ങള്‍ കരുതുന്നു; ആഞ്ഞടിച്ച് സിയാദ് കോക്കര്‍

നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസിനെതിരെ മുതിര്‍ന്ന നിര്‍മാതാവ് സിയാദ് കോക്കര്‍. നിര്‍മാതാക്കളുടെ സംഘടന വേട്ടയാടുന്നു എന്ന സാന്ദ്രാ തോമസിന്റെ പ്രസ്താവന അപക്വമാണെന്നാണ സിയാദിന്റെ വിമര്‍ശനം. ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണ്. സാന്ദ്രയെ പല അവസരങ്ങളിലും പിന്തുണച്ചത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണെന്നും സിയാദ് ട്വന്റിഫോറിനോട് പറഞ്ഞു. (Siyad Koker against sandra thomas)
സാന്ദ്രയുടെ ആരോപണങ്ങള്‍ മലയാള സിനിമാ മേഖലയെ പിന്നോട്ട് വലിച്ചിട്ടേയുള്ളൂവെന്ന് സിയാദ് കോക്കര്‍ വിമര്‍ശിച്ചു. നിര്‍മ്മാതാവ് എന്ന നിലയില്‍ ഒരു പക്വതയുമില്ലാത്ത സമീപനമാണ് സ്വീകരിച്ചത്. സാന്ദ്രയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടതിന്റെ അങ്കലാപ്പുകളാണ് ആരോപണങ്ങളായി മാറിയത്. നാക്കിന് എല്ലില്ലാതെ എന്തും പറയുന്ന ചില ആളുകളും സ്ത്രീകള്‍ പറയുന്നത് മാത്രമാണ് സത്യം എന്ന് കരുതുന്ന മാധ്യമങ്ങളുമാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനേയും സിയാദ് കോക്കര്‍ വിമര്‍ശിച്ചു. റിപ്പോര്‍ട്ട് ഏകപക്ഷീയമെന്നാണ് വിമര്‍ശനം. സിനിമാ മേഖലയിലെ ഒരു വിഭാഗം ആളുകളെ മാത്രം കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എല്ലാവരുടെയും ആകുലതകള്‍ കേള്‍ക്കാതെ തയ്യാറാക്കിയ റിപ്പോര്‍ട്ട് എങ്ങനെ അംഗീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു. വിവിധ ആളുകള്‍ കൂടുന്നതാണ് സിനിമ. അപ്പോള്‍ എല്ലാവരോടും സംസാരിച്ചാണ് ശരിയായ രീതിയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടിയിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : Siyad Koker against sandra thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here