VHP പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; പ്രതിഷേധവുമായി യുവജന സംഘടനകള്‍; ഡിവൈഎഫ്‌ഐയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും സൗഹൃദ കാരള്‍ ഇന്ന്

പാലക്കാട് നല്ലേപ്പിള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം VHP പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതിന് പിന്നാലെ സൗഹൃദ കാരള്‍ സംഘടിപ്പിക്കൊരുങ്ങി യുവജനസംഘടനകള്‍. ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും ഇന്ന് സൗഹൃദ കാരള്‍ സംഘടിപ്പിക്കും. അധ്യാപക സംഘടനയും പ്രതിഷേധിക്കും. ഒന്‍പത് മണിക്കാണ് ഡിവൈഎഫ്‌ഐയുടെ പരിപാടി. 10 മണിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയുമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാദ സംഭവം ഉണ്ടായത്. നല്ലേപ്പിള്ളി ഗവ: യുപി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കാരള്‍ നടത്തുമ്പോഴാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രധാനാധ്യാപികയെയും അധ്യാപകരെയും ഇവര്‍ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാര്‍ , മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ , തെക്കുമുറി വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യം എല്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസ് എടുത്തു.
ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തി. സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടന്‍ ക്രിസ്തുമസ് കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തുന്നതാണ് എന്നായിരുന്നു പരിഹാസം.
Story Highlights : Incident of VHP activists blocking Christmas celebrations: Youth organizations to protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here