Advertisement

‘ഓൾ പാസ്’ CUT!! തോറ്റാൽ ഇനി അവിടെ കിടക്കുമെന്ന് കേന്ദ്രം; കുട്ടികൾക്കൊപ്പമെന്ന് കേരളം

December 24, 2024
Google News 2 minutes Read

സ്കൂൾ വിദ്യാഭ്യാസത്തിൽ നിർണായക മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഓൾ പാസ് സമ്പ്രദായത്തിനാണ് ഭേദ​ഗതി വരുത്തിയിരിക്കുന്നത്. ഇതിനായി നോ-ഡിറ്റൻഷൻ നയത്തിൽ സർക്കാർ മാറ്റം വരുത്തി. ഇതുപ്രകാരം 5, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾ ഓൾ പാസിന് കീഴിൽ വരില്ല. അതിനാൽ വാർഷിക പരീക്ഷയിൽ പരാജയപ്പെടുന്ന കുട്ടികൾക്ക് രണ്ട് മാസത്തിനകം വീണ്ടും പരീക്ഷ എഴുതാനുള്ള അവസരം ലഭിക്കും. ഇതിലും പരാജയപ്പെട്ടാൽ വാർഷിക പരീക്ഷയിൽ തോറ്റതായി തന്നെ വിലയിരുത്തും. അടുത്ത ക്ലാസിലേക്ക് പ്രമോട്ട് ചെയ്യപ്പെടുകയില്ല.

എന്നാൽ ഈ ഭേദഗതിക്കെതിരെ കേരളം രംഗത്തെത്തി. കേന്ദ്ര ഭേദഗതിക്കെതിരെ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ല. കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളു. 5 ലെയും 8 ലെയും പൊതു പരീക്ഷ നടത്തി കുട്ടികളെ പരാജയപ്പെടുത്തുക എന്നത് സർക്കാർ നയമല്ല. ഓരോ കുട്ടിയും നേടേണ്ട ശേഷികൾ നേടുന്നുണ്ട് എന്ന് മാത്രമാണ് സംസ്ഥാനം ഉറപ്പുവരുത്തുന്നത്. എല്ലാവിഭാഗം കുട്ടികളെയും ചേർത്ത് നിർത്തുന്ന നയമാണ് കേരള സർക്കാരിന്റേത്. അരിച്ചു കളയുന്ന രീതിക്കെതിരെ എന്നും കേരളം മുന്നിൽ ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം കുട്ടികൾക്ക് നൽകുന്ന 2010ലെ നിയമത്തിലാണ് നിലവിൽ ഭേദ​ഗതി വരുത്തിയിരിക്കുന്നത്. കുട്ടികളുടെ പഠനഫലം മെച്ചപ്പെടുത്താൻ ഭേ​ദ​ഗതി സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് പുതിയ മാറ്റം. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സൈനിക സ്കൂളുകൾ എന്നിവയടക്കം കേന്ദ്രസർക്കാരിന് കീഴിലുള്ള മൂവായിരത്തിലധികം സ്കൂളുകൾക്ക് ഭേ​ദ​ഗതി ബാധകമാകും.

Story Highlights : Kerala against central govt on school exam policy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here