ഒരാൾക്ക് മാത്രം ചെയ്യാൻ ധൈര്യമുള്ള സിനിമ;നിർമ്മാല്യം, എം.ടി സൃഷ്ടിച്ച കഥയുടെ ആരണ്യകങ്ങള്‍

എന്റെ ആത്മസംതൃപ്തിയെന്താണ്? അക്ഷരങ്ങൾകൊണ്ടു ജീവിക്കാൻ പറ്റിയെന്നതാണ്, എന്നെ സന്തോഷിപ്പിക്കുന്നത്, എം.ടി വാസുദേവൻ നായർ ഒരിക്കൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആരായിരുന്നു മലയാളികൾക്ക് എംടി? സ്വകാര്യാഹങ്കാരം പോലെ ഓരോ മലയാളിയുടേയും ഹൃദയത്തിൽ വളർന്നുനിൽക്കുന്നൊരു മഹാമേരു. വെറുതേ കഥ പറഞ്ഞങ്ങ് പോയതല്ലല്ലോ എം.ടി. മലയാളി ജീവിതത്തിന്റെ ഓരോ ദിക്കിലും അയാൾ വാക്കുകൾ കോറിയിട്ടു. മനസ്സകങ്ങളിൽ കയറിയിരുന്ന ഒരുപിടി എം.ടി കഥാപാത്രങ്ങളുണ്ട്. അതുമതി, ഇനിയുള്ള കാലം ഓർമ്മകളിൽ ജീവിക്കാൻ. (Film script of M T vasudevan nair)
നിർമാല്യം പോലൊരു സിനിമ എഴുതാനും സംവിധാനം ചെയ്യാനും എം.ടി വാസുദേവൻ നായർക്ക് മാത്രം കഴിയുന്ന ഒന്നാണ്. സദയത്തിൽ മോഹൻലാൽ പകർന്നാടിയ സത്യനാഥൻ- ഓരോ കാഴ്ചയിലും മലയാളിയുടെ ശ്വാസം മുട്ടിക്കുന്നു. ജയിലഴിയിൽ മുഖം ചായ്ച്ചുള്ള അയാളുടെ ആ പൊട്ടിക്കരച്ചിൽ താങ്ങാവുന്നതിനും അപ്പുറമാണിന്നും.
Read Also: മലയാളത്തിന്റെ എം ടി വിടവാങ്ങി | MT Vasudevan Nair – Live Blog
പഞ്ചാഗ്നിയിലെ ഇന്ദിരയെക്കാൾ ശക്തയായയൊരു സ്ത്രീ കഥാപാത്രം അതിനു മുൻപും ശേഷവും മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഗീതയെന്ന നടിയുടെ ഏറ്റവും മികച്ച പ്രകടനമായി ഇന്ദിര അടയാളപ്പെടുത്തപ്പെട്ടു. അമൃതംഗമയയിലെ ഡോ. ഹരിദാസും ഉയരങ്ങളിലെ ജയരാജനും മോഹൻലാൽ എന്ന അതുല്യ നടന്റെ അസാധാരണ പ്രകടന മികവ് അടയാളപ്പെടുത്തി.
അടിയൊഴുക്കുകളിലെ കരുണനും ആൾക്കൂട്ടത്തിൽ തനിയെയിലെ രാജനും മമ്മൂട്ടി അനശ്വരമാക്കി. ചതിയനല്ലാത്ത ചന്തുവിനെ കാണിച്ചുതന്നു എം.ടി. ഒരു വടക്കൻ വീരഗാഥയെന്ന ഐതിഹാസിക സിനിമയിലെ ഓരോ സംഭാഷണവും മലയാളിക്കിന്ന് കാണാപാഠം. പ്രണയവും പ്രതികാരവും പരസ്പരം മത്സരിച്ച താഴ്വാരത്തിലെ വരണ്ട പ്രദേശം എങ്ങനെയാകും എം.ടി മനസ്സിൽ പാകപ്പെടുത്തിയിട്ടുണ്ടാവുക? നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
പ്രണയത്തിന്റെ തീവ്രഭാവങ്ങളാൽ സമ്പന്നമായിരുന്നു നഖക്ഷതങ്ങൾ.നീലത്താമരയിലെ കുഞ്ഞിമാളുവിന്റെ പ്രണയ നോവുകൾ കാണുമ്പോൾ എന്തിനിങ്ങനെ കണ്ണുകലക്കിയെന്ന് ചിന്തിച്ചിട്ടില്ലേ നമ്മൾ?. സുകൃതത്തിൽ സ്വന്തം മരണവാർത്തയെഴുതി കാത്തിരിക്കുന്ന പത്രാധിപരെ സൃഷ്ടിച്ചു എം.ടി. മമ്മൂട്ടിയുടെ ഏറ്റവും മികച്ച പത്തു സിനിമകളിൽ ഒന്ന് ഉറപ്പായും സുകൃതമാകും.
വേറാരെഴുതിയാലും പാളിപ്പോകുമായിരുന്ന കഥായായിരുന്നു വൈശാലി. കയ്യൊതുക്കത്തിന്റെ അപാര സൗന്ദര്യം. എത്ര പറഞ്ഞാലും തീരാത്ത കാഴ്ച ഭംഗി. ആയിരത്തൊന്നു രാവുകൾ പലകുറി വായിച്ചിട്ടുണ്ട് നമ്മൾ. പക്ഷേ, ദയ എന്ന സിനിമയിലൂടെ അറബിക്കഥകളുടെ വശ്യത ഒരുക്കിത്തന്നപ്പോൾ, അത്ഭുതപ്പെട്ടിരുന്നതും അതേ നമ്മൾ തന്നെ. രാമൻ പെരുന്തച്ചനെ കണ്ട മലയാളി പിന്നീട് തിലകനെ സിനിമയുടെ പെരുന്തച്ചനാക്കി. എഴുത്തുകാരൻ വിടപറഞ്ഞാലും, എഴുതിയുണ്ടാക്കിയ ആ കഥാപാത്രങ്ങൾ എക്കാലത്തും നിലനിൽക്കും. പ്രിയപ്പെട്ട എം.ടി നന്ദി, കേരളത്തിൽ ജനിച്ചതിന്, അക്ഷരങ്ങളിലൂടെ ഞങ്ങളെ ജീവിക്കാൻ പ്രേരിപ്പിച്ചതിന്.
Story Highlights : Film script of M T vasudevan nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here