കെ സുരേന്ദ്രന്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനത്തെത്തി ബിഷപ്പിനെ കണ്ടു; കൂടിക്കാഴ്ച പുല്‍ക്കൂട് വിവാദത്തിനിടെ

ക്രിസ്മസ് ദിനത്തില്‍ തൃശൂര്‍ അതിരൂപതാ ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. സാമുദായിക സൗഹാര്‍ദം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ചയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. (K Surendran meets thrissur bishop)
തന്റെ സന്ദര്‍ശനം രാഷ്ട്രീയമായ കാര്യമേയല്ലെന്ന് കെ സുരേന്ദ്രന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരസ്പരവിശ്വാസത്തിന്റേയും പരസ്പരം മനസിലാക്കലിന്റേയുമെല്ലാം ആഘോഷവും ഉത്സവമാണ് ക്രിസ്മസ്. മലയാളികളെല്ലാം ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കുന്നു. നാലുവര്‍ഷമായി ബിജെപി സ്‌നേഹസന്ദേശം കൈമാറുന്നതിനായി ഇത്തരം സന്ദര്‍ഷനങ്ങള്‍ ക്രിസ്മസിനും ന്യൂയറിനും നടത്തിവരുന്നു. പതിവുപോലെ ഇത്തവണയും നടത്തിയ സാധാരണ കൂടിക്കാഴ്ചയാണെന്നും രാഷ്ട്രീയമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കുട്ടികളുടെ ക്രിസ്മസ് ആഘോഷം വിഎച്ച്പി തടഞ്ഞതിന്റേയും പുല്‍ക്കൂട് തകര്‍ത്തതിന്റേയും വിവാദങ്ങള്‍ക്കിടെയാണ് കെ സുരേന്ദ്രന്റെ സന്ദര്‍ശനമെന്നത് ഏറെ ശ്രദ്ധേയമാണ്. കേന്ദ്രത്തില്‍ നരേന്ദ്രമോദി ബിഷപ്പുമാരെ സന്ദര്‍ശിക്കുകയും സംഘപരിവാര്‍ ഇവിടെ പുല്‍ക്കൂട് തകര്‍ക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പെന്ന് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഉള്ളില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സഭാ നേതാക്കളെ പ്രീണിപ്പിക്കുകയും അതേസമയത്തുതന്നെ പ്രാദേശികമായി ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാന്‍ നോക്കുന്നുവെന്നും ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മിലെത്തിയോസ് വിമര്‍ശിച്ചത് വലിയ വിവാദമായിരുന്നു.
Story Highlights : K Surendran meets thrissur bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here