Advertisement

ക്രിസ്മസ് ആഘോഷം ഒഴിവാക്കി, നിരാഹാര സമരം അനുഷ്ഠിക്കാൻ മുനമ്പം ജനത

December 25, 2024
Google News 1 minute Read

ക്രിസ്മസ് ആഘോഷം ഒഴിവാക്കി മുനമ്പം ജനത. ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ രാവിലെ പത്തുമണി മുതൽ വൈകീട്ട് അഞ്ചുമണിവരെ നിരാഹാര സമരം അനുഷ്ഠിക്കും. വൈകീട്ട് നടക്കുന്ന പ്രത്യാശ ദീപം തെളിയിക്കലിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കും. നിരാഹാര സമരം ആരംഭിച്ചിട്ട് 75 ദിവസം തികയും. ജനുവരി നാലാം തീയതിയാണ് മുനമ്പം തർക്കവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ ഹിയറിങ് ആരംഭിക്കുന്നത്.

കഴിഞ്ഞദിവസം മുനമ്പം ഭൂമിപ്രശ്നം പരിഹരിക്കാനായി നിയോഗിക്കപ്പെട്ട ജുഡിഷ്യൽ കമ്മിഷൻ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരുമായി വൈദികരും മുനമ്പം സമരസമിതി പ്രവർത്തകരും കൂടിക്കാഴ്ച നടത്തിയിരുന്നു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, വികാരി ജനറൽ മോൺ. റോക്കി റോബിൻ കളത്തിൽ, സമരസമിതി നേതാക്കൾ തുടങ്ങിയവരാണു കമ്മിഷന്റെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തിയത്. ജനുവരി 4ന് കമ്മിഷൻ മുനമ്പം സന്ദർശിക്കാനിരിക്കെയാണു കൂടിക്കാഴ്ച.

മുനമ്പത്തെ സ്ഥിതിഗതികൾ അറിയിക്കാനും ക്രിസ്മസ് ആശംസകൾ നേരാനുമാണു കൂടിക്കാഴ്ച നടത്തിയതെന്നു ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടില്‍ വ്യക്തമാക്കി. ശരിയായ രീതിയില്‍ അദ്ദേഹവുമായി സംസാരിക്കാൻ സാധിച്ചുവെന്നും വളരെ പ്രതീക്ഷയോടെയാണു പോകുന്നതെന്നും ബിഷപ് പറഞ്ഞു. താൻ മുനമ്പത്തു പോകാനിരിക്കുകയാണെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു.‌

ക്രിസ്മസ് സമയത്തും വഖഫുമായി ബന്ധപ്പെട്ടു ഭൂമിപ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതിനാൽ നിരാഹാര സമരത്തിലാണു മുനമ്പം ജനത. ക്രിസ്മസ് ദിനത്തിലും ഉപവസിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.

Story Highlights : Munambam people skip Christmas celebrations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here