‘വോട്ടർമാർക്ക് പണം കൈക്കൂലി നൽകുന്നു’; ബിജെപിക്കെതിരെ ഇഡിക്ക് പരാതി നൽകി ആം ആദ്മി പാർട്ടി

ബിജെപിക്കെതിരെ ഇഡിക്ക് പരാതി നൽകി ആം ആദ്മി പാർട്ടി. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് ആണ് പരാതി നൽകിയത്. ബിജെപി എംപി പർവേഷ് വർമ്മ, മുൻ എംഎൽഎ മഞ്ജീന്ദർ സിംഗ് സിർസ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ഡൽഹി മണ്ഡലത്തിൽ ബിജെപി വോട്ടർമാർക്ക് പണം കൈക്കൂലി നൽകുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ബിജെപി നേതാക്കളുടെ വസതികൾ റെയ്ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. “അവർക്ക് പരാതി മാത്രമേ ലഭിച്ചിട്ടുള്ളൂ. ഒരു ഉദ്യോഗസ്ഥനും ഒരു നടപടിയും ഉറപ്പുനൽകിയിട്ടില്ല. ഇഡി എന്ത് ചെയ്യും, എനിക്ക് പറയാനാവില്ല” പരാതി നൽകിയ ശേഷം സിംഗ് പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് സർക്കാരുകളെ അട്ടിമറിച്ച് പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി മാത്രമാണ് ഇഡി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. അരവിന്ദ് കെജ്‌രിവാളിൻ്റെ മണ്ഡലത്തിൽ വോട്ടർമാർക്ക് ബിജെപി 1100 രൂപ വീതം പരസ്യമായി കൈക്കൂലി നൽകുന്നുണ്ടെന്ന് എഎപി ആരോപിച്ചു.
Read Also: ലൈംഗികാതിക്രമം ആസിഡ് ആക്രമ ഇരകൾക്ക്, ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകണം; ഉത്തരവിട്ട് ഹൈക്കോടതി
അതേസമയം ആം ആദ്മി പാർട്ടിയുടെ ആരോപണം ബിജെപി നിഷേധിച്ചു. താൻ ആളുകളെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവരെപ്പോലെ മദ്യം വിതരണം ചെയ്യുന്നില്ലെന്നും പർവേഷ് വർമ്മ പറഞ്ഞു. ‘രാഷ്ട്രീയ സ്വാഭിമാൻ’ പദ്ധതിയുടെ ഭാഗമായാണ് പണം വിതരണം ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. നേരത്തെ അരവിന്ദ് കെജ്രിവാളും അതിഷിയും പമം വിതരണം ചെയ്യുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.
പർവേഷ് വർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് അതിഷി ആവശ്യപ്പെട്ടിരുന്നു. പർവേഷ് വർമ്മയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നതെന്നും ഡൽഹിയിലെ ജനങ്ങൾക്ക് അങ്ങനെയൊരാളെ മുഖ്യമന്ത്രിയാക്കണോ എന്നും അരവിന്ദ് കെജ്രിവാൾ ചോദിച്ചു. പർവേഷ് വർമ്മയുടെ വസതിയിൽ കോടിക്കണക്കിന് രൂപ കെട്ടിക്കിടക്കുന്നുണ്ടെന്നും ഡൽഹി പോലീസ്, സിബിഐ, ഇഡി എന്നിവരോട് റെയ്ഡ് നടത്താൻ അതിഷി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എഎപി എംപി പരാതിയുമായി ഇഡിയെ സമീപിച്ചത്.
Story Highlights : AAP files ED complaint against BJP leaders for distributing cash to voters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here