Advertisement

മിത്തുകള്‍ക്കും ചരിത്രത്തിനുമുള്ളില്‍ കണ്ടുമുട്ടിയ രണ്ടാമൂഴക്കാരുടെ നോവറിഞ്ഞയാള്‍; ഭീമനും ചന്തുവും വൈശാലിയും ഉള്‍പ്പെട്ട എംടി ആഖ്യാനങ്ങള്‍

December 26, 2024
Google News 2 minutes Read
M T Vasudevan Nair movie characters

പാപിയെയല്ല പാപത്തെയാണ് വെറുക്കേണ്ടതെന്ന് ലോകത്തെ പഠിപ്പിച്ച ദൈവപുത്രന്റെ ജന്മദിവസമാണ് എം ടി വാസുദേവന്‍ നായര്‍ മലയാളത്തോട് വിടപറയുന്നത്. പാപിയേയും നായകനേയും പാപത്തേയും വീരത്വത്തേയും തന്നെ നിര്‍വചിക്കുന്നത് വീക്ഷണകോണുകളാണെന്ന് കഥകളിലൂടെ കാണിച്ചുതരികയായിരുന്നു എം ടി. വില്ലനേയും നായകനാക്കുന്ന, വിസ്മൃതിയിലാണ്ട കഥാപാത്രങ്ങളേയും വിളിച്ച് ഓര്‍മയുടെ ഉമ്മറത്തിരുത്തുന്ന, ചതിയനേയും സ്‌നേഹിപ്പിക്കുന്ന, രണ്ടാമൂഴക്കാരനേയും ഭീമാകാരനാക്കുന്ന ആഖ്യാനത്തിന്റെ ശക്തിയില്‍ പാപബോധങ്ങളും വിധിക്കലുകളും മറയുന്നു, മനുഷ്യമനസിന്റെ േ്രഗ ഏരിയകളിലേക്ക് നമ്മളും പ്രവേശിക്കുന്നു. പാപങ്ങളൊക്കെയും സാമൂഹ്യ നിര്‍മിതികളെന്ന് വരുന്നു. പാപികളെ ചേര്‍ത്തുനിര്‍ത്തി എം ടിയെന്ന കഥാകാരന്‍ ദൈവപുത്രനോളം വളരുന്നു… (M T Vasudevan Nair movie characters)

മഹാഭാരതത്തിലെ വീരന്‍ അര്‍ജുനനെന്നും കര്‍ണനെന്നും കൃഷ്ണനെന്നും ദുര്യോദനനെന്നും മറ്റുമെല്ലാം വിശ്വസിച്ചിരുന്നവരെക്കൊണ്ട് ഭീമന്റെ ഉള്ളുകാണാന്‍ പ്രേരിപ്പിച്ചു രണ്ടാമൂഴത്തിലൂടെ എം ടി. ഭീമപുത്രനോട് ഉള്‍പ്പടെ കാണിച്ച അവഗണനയില്‍ ധര്‍മ്മം ചുരുങ്ങി ചെറുതായിപ്പോകുന്ന ധര്‍മ്മപുത്രരും അഹന്തയിലും അധീരതയിലും പലപ്പോഴും ചെറുതായിപ്പോകുന്ന അര്‍ജുനനും ദുഷിച്ച പദപ്രയോഗങ്ങളിലൂടെ കൊച്ചായിപ്പോകുന്ന കര്‍ണനും തന്ത്രങ്ങള്‍ പലത് പയറ്റുന്ന കൃഷ്ണനും മുന്നില്‍ ഭീമാകാരമായി ഉയര്‍ന്ന് വിരാജിക്കുകയാണ് രണ്ടാമൂഴത്തില്‍ ഭീമന്‍. ഭാരതയുദ്ധത്തിലെ വാഴ്ത്തപ്പെടാതെപോയ ഘടോല്‍കചന്‍ ഉള്‍പ്പെടെയുള്ള ഹീറോകളുടെ പക്ഷത്താണ് എംടി. അവര്‍ക്കൊപ്പം മനസാക്ഷി ചേര്‍ത്തുവയ്ക്കാന്‍ എം ടി തന്റെ മാന്തികഭാഷയിലൂടെ വായനക്കാരോട് അപേക്ഷിച്ചു.

Read Also: ഒരാൾക്ക് മാത്രം ചെയ്യാൻ ധൈര്യമുള്ള സിനിമ;നിർമ്മാല്യം, എം.ടി സൃഷ്ടിച്ച കഥയുടെ ആരണ്യകങ്ങള്‍

വശീകരണ പരീക്ഷണങ്ങള്‍ക്കും പ്രണയദൗത്യത്തിനുമൊടുവില്‍ പരാജയപ്പെട്ടുപോയി രണ്ടാമൂഴക്കാരിയായി മിത്തിനുള്ളില്‍ എവിടെയോ എരിഞ്ഞടങ്ങിയ വൈശാലിയെ എം ടി കണ്ടെത്തിയപ്പോള്‍ അത് അതിമനോഹരമായ ഒരു ദൃശ്യകാവ്യമായി. വൈശാലി നേരിട്ട തിരസ്‌കാരം നമ്മെ കൊളുത്തി വലിച്ചു. അവളുടെ പ്രണയ, വശീകരണ പാഠങ്ങള്‍ മലയാളിയുടെ ഹൃദയങ്ങള്‍ തണുപ്പിച്ചു. അവളേറ്റ ചതി നമ്മെ ചുട്ടുപൊള്ളിച്ചു. അവളിലൂടെ നാം ചരിത്രത്തിലെവിടെയോ തകര്‍ന്നടിഞ്ഞ ദേവദാസി പെണ്‍കിടാങ്ങളുടെ പ്രണയസ്വപ്‌നങ്ങള്‍ കണ്ടു.

തന്റെ ജീവിതകാലത്തുടനീളം പലരും പലവട്ടം തോല്‍പ്പിച്ചുകഴിഞ്ഞവരായാണ് എം ടിയിലൂടെ നാം ചന്തുവിലെ കാണുന്നത്. വടക്കന്‍ പാട്ടില്‍ ചന്തുവിന്റെ ചതിയായി പറഞ്ഞ കഥയ്ക്ക് പിന്നില്‍ മറ്റൊരു വലിയ ചതിയെന്നാണ് എം ടിയുടെ ആഖ്യാനം. ചന്തുവിനെ മാത്രമല്ല മിത്തിനിടയില്‍ നിന്ന് കരുത്തയായ ഉണ്ണിയാര്‍ച്ചയുടേയും പല ഷേഡുകള്‍ എം ടി കണ്ടെടുത്തു. വില്ലത്തിയോ നായികയോ അല്ല പൂര്‍ണ അര്‍ത്ഥത്തില്‍ ഉണ്ണിയാര്‍ച്ച. ശപിച്ചുകൊണ്ട് കെഞ്ചുകയും മോഹിച്ചുകൊണ്ട് വെറുക്കുകയും ചെയ്യുന്ന, കരുത്തയും കുശാഗ്രബുദ്ധിശാലിയുമായ മറ്റാരും കാണാത്തത് കാണുന്ന വൈരുധ്യങ്ങളുടെ വിശാല സ്‌പേസിലെവിടെയോ ആണ് എം ടി തന്റെ ഉണ്ണിയാര്‍ച്ചയെ പ്രതിഷ്ഠിച്ചത്. മനുഷ്യാവസ്ഥകളെ മനസിലാക്കുകയും അവരെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണകോണുകള്‍ കാണുകയും ഒറ്റവരി വിധിയില്‍ നിന്ന് അവരെ മോചിപ്പിക്കുകയും ചെയ്യല്‍ കൂടിയാണ് സ്‌നേഹം. അങ്ങനെ നോക്കിയാല്‍ എം ടിയുടെ എഴുത്തുകള്‍ ഒരു കടല്‍പ്പോലെ പരന്ന സ്‌നേഹമല്ലാതെ മറ്റെന്താണ്?

Story Highlights : M T Vasudevan Nair movie characters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here