കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ മരണം; ആരോപണ വിധേയരെ സംരക്ഷിച്ച് പൊലീസ്

കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ മരണത്തില്‍ ആരോപണ വിധേയരെ സംരക്ഷിച്ച് പൊലീസ്. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിയുടെ മൊഴി സാബുവിന്റെ മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും രേഖപ്പെടുത്തിയിട്ടില്ല. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ജീവനക്കാരായ മൂന്ന് പേര്‍ ഒളിവില്‍ ആയതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും പൊലീസ്.
സാബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയ് തോമസ് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ട് അഞ്ചുദിവസം കഴിഞ്ഞു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് പോലീസ് നീങ്ങിയിട്ടില്ല. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് മൂന്ന് പേരും ഒളിവില്‍ എന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണ് മൂന്നു പേരും. ഇതിന് മുന്‍പ് അറസ്റ്റ് ചെയ്യാനുള്ള കാര്യമായ ശ്രമം പൊലീസ് നടത്തുന്നുമില്ല.
സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐ എം ഇടുക്കി ജില്ല കമ്മറ്റിയംഗം വി ആര്‍ സജിയുടെ മൊഴി പോലും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. സജിയുടെ ഭീഷണി സന്ദേശമെത്തിയ സാബുവിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതില്‍ നിന്നും തെളിവുകള്‍ കിട്ടിയ ശേഷം മാത്രമായിരിക്കും സജിയ്‌ക്കെതിരെ കേസെടുക്കുന്നതില്‍ തീരുമാനം. സൊസൈറ്റിയിലെ മറ്റ് ജീവനക്കാരുടെയും നാല് ഭരണ സമിതി അംഗങ്ങളുടെയും മൊഴി പോലീസ് രേഖപ്പെടിത്തിയിട്ടുണ്ട്. സാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങളും നിക്ഷേപിച്ചതും പിന്‍വലിച്ചതുമായ തുകകളെ സംബന്ധിച്ച വിവരം അന്വേഷണ സംഘം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്.
Story Highlights : Death of Sabu Thomas; The police protect the accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here