Advertisement

‘മദ്യപിച്ച് കാറിലിരുന്ന് ഉറങ്ങരുത്, അറിയാതെ അബോധാവസ്ഥയിലാവും പിന്നാലെ മരണം,വില്ലൻ കാർബണ്‍ മോണോക്സൈഡ്’; MVD നിർദേശങ്ങൾ ഉറപ്പായും കേൾക്കണം

December 28, 2024
1 minute Read

യാത്രക്കിടെ വാഹനം ഇടയ്ക്കൊന്ന് നിർത്തി എഞ്ചിൻ ഓഫ് ചെയ്യാതെ ഗ്ലാസടച്ച് എസിയിട്ട് മയങ്ങുന്ന പതിവുണ്ടോ? അത് അപകടകരമെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ്. എംവിഡി ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വിവരം പങ്കുവച്ചത്. നടൻ വിനോദ് തോമസിനെ കാറിനുള്ളിലും വടകരയിൽ രണ്ട് പേരെ കാരവനിലും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് എംവിഡിയുടെ ഓർമപ്പെടുത്തൽ.

നമ്മുടെ കാറിലെ ഇന്ധനം കത്തുമ്പോഴുണ്ടാകുന്ന ബൈപ്രൊഡക്ടാണ് കാർബണ്‍ മോണോക്സൈഡ്. ഈ കാർബണ്‍ മോണോക്സൈഡ് കാറ്റലിറ്റിക് കൺവെർട്ടർ എന്ന യൂണിറ്റിലെത്തി കാർബണ്‍ ഡയോക്സൈഡായാണ് എക്സോസ്റ്റിലൂടെ പുറത്തുപോകുന്നത്. കാലപ്പഴക്കം കാരണം തുരുമ്പിച്ചും ലീക്ക് വന്നും മറ്റും കാർബണ്‍ മോണോക്സൈഡ് കാറ്റലിറ്റിക് കൺവെർട്ടറിൽ എത്താതെ പോകുന്ന സാഹചര്യമുണ്ട്. അപ്പോൾ കാർബണ്‍ മോണോക്സൈഡ് അതേപടി പുറത്തുവരുമെന്നും എംവിഡി വിഡിയോയിൽ പറയുന്നു.

വാഹനം പൂർണമായി എയർടൈറ്റ് യൂണിറ്റല്ല. ചെറിയ സുഷിരങ്ങൾ വഴിയും ചെറിയ എയർ ഗ്യാപ്പ് വഴിയും കാർബണ്‍ മോണോക്സൈഡ് വാഹനത്തിന്‍റെ ഉള്ളിൽ പ്രവേശിക്കുന്നു. ഈ കാർബണ്‍ മോണോക്സൈഡ് നമ്മൾ ശ്വസിക്കുമ്പോൾ ഓക്സിജനുമായി ചേർന്ന് കാർബോക്സി ഹീമോഗ്ലോബിൻ എന്ന ഘടകം ഉണ്ടാകുന്നു. ഇതുകാരണം ശരീരത്തിലെ കോശങ്ങൾക്ക് വേണ്ടത്ര ഓക്സിജൻ കിട്ടാതെ വരും. ഇതോടെ വാഹനത്തിലിരിക്കുന്നയാൾ അബോധാവസ്ഥയിലാകും.

മദ്യമോ മറ്റ് ലഹരി പദാർത്ഥകളോ മറ്റും കഴിച്ചാണ് വാഹനത്തിലിക്കുന്നതെങ്കിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവും മുൻപേ അബോധാവസ്ഥയിലാവുകയും പിന്നാലെ മരണം സംഭവിക്കുകയും ചെയ്യുമെന്ന് എംവിഡി വിശദീകരിക്കുന്നു. വാഹനങ്ങൾ യാത്ര ചെയ്യാനുള്ളതാണ്, അത് ഓഫീസോയോ വിശ്രമകേന്ദ്രമായോ കഴിവതും ഉപയോഗിക്കരുതെന്നാണ് എംവിഡിയുടെ ഓർമപ്പെടുത്തൽ. വാഹനങ്ങളിലെ നീണ്ട വിശ്രമങ്ങൾ ഒഴിവാക്കണം.

ഇനി കുറച്ചുനേരം അങ്ങനെ വിശ്രമിക്കേണ്ടി വന്നാൽ വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങൾ തെരഞ്ഞെടുക്കരുത്. തുറസ്സായതും വായുസഞ്ചാരമുള്ളതും സുരക്ഷിതമായതുമായ സ്ഥലങ്ങൾ തെരഞ്ഞെടുക്കുക. ഗ്ലാസ് പൂർണമായി അടയ്ക്കാതെ ചെറിയ ഗ്യാപ് ഇടാൻ ശ്രദ്ധിക്കണം. എക്സോസ്റ്റ് സിസ്റ്റം നിരന്തരം പരിശോധിക്കണം. ലീക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും എംവിഡി പറയുന്നു.

Story Highlights : fall sleep in vehicle with ac dangerous mvd

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top