ഉമ തോമസിന്റെ പരുക്ക്; മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ നിർദേശം

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ നിർദേശം. ആരോഗ്യമന്ത്രി വീണാ ജോർജാണ് നിർദ്ദേശം നൽകിയത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം പുറപ്പെട്ടു.
മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഡോക്ടർമാർ എറണാകുളത്തേക്ക് പുറപ്പെട്ടത്. രാത്രി 11 മണിയോടെ ഡോക്ടർമാർ റിനെ മെഡിസിറ്റി ആശുപത്രിയിൽ എത്തും. ഉമ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് പറയാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഉമ തോമസിന്റെ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കയറി. നിലവിൽ ആന്തരിക രക്തസ്രാവമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കൊണ്ടു വരുമ്പോൾ ബോധമുണ്ടായിരുന്നുവെന്നും നിലവിൽ അബോധാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.
മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്ന നിലയിലായിരുന്നു ഉമ തോമസിനെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. തലച്ചോറിനേറ്റ പരുക്കും ശ്വാസകോശത്തിനേറ്റ പരുക്കും ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. 24 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് ഡോക്ടർമാർ പറഞ്ഞു.
ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആയിരുന്നു അപകടം. ദിവ്യ ഉണ്ണി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പരിപാടിയിലേക്കായിരുന്നു ഉമ തോമസ് എത്തിയത്. തലയ്ക്ക് പരുക്കേറ്റതിനാൽ അബോധാവസ്ഥയിലായിരുന്നു ഉമ തോമസ്. നിരവധി കോൺഗ്രസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
Story Highlights : Minister Veena George directed to form medical board for the treatment of Uma Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here