Advertisement

‘ആരോഗ്യനില തൃപ്തികരമല്ല; അടിയന്തര ശസ്ത്രക്രിയയുടെ സാഹചര്യമില്ല’; ഉമ തോമസ് വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

December 29, 2024
Google News 2 minutes Read

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ​ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎൽഎ വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ. ആരോ​ഗ്യനില തൃപ്തികരമെന്ന് പറയാനാകില്ലെന്ന് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു. അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

ഉമ തോമസിന്റെ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കയറി. നിലവിൽ ആന്തരിക രക്തസ്രാവമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കൊണ്ടു വരുമ്പോൾ ബോധമുണ്ടായിരുന്നുവെന്നും നിലവിൽ അബോധാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. എക്‌സ്‌റേ, സ്‌കാൻ എല്ലാമെടുത്തു. തലച്ചോറിനേറ്റ പരുക്കും ശ്വാസകോശത്തിനേറ്റ പരുക്കും ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. 24 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് ഡോക്ടർമാർ പറഞ്ഞു.

Read Also: ഗുരുതര പരുക്ക്; ഉമ തോമസ് വെന്റിലേറ്ററിൽ

നില ​ഗുരുതരമാകുമെങ്കിൽ നിലവിലെ ചികിത്സരീതി മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉമ തോമസിന്റെ ചികിത്സയ്ക്കായി വിദ​ഗ്ദ സംഘത്തെ നിർദേശിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. പാലാരിവട്ടം റിനെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്ന നിലയിലായിരുന്നു ഉമ തോമസിനെ ആശുപത്രിയിൽ എത്തിച്ചിരുന്നത്.

ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആയിരുന്നു അപകടം. ദിവ്യ ഉണ്ണി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പരിപാടിയിലേക്കായിരുന്നു ഉമ തോമസ് എത്തിയത്. തലയ്ക്ക് പരുക്കേറ്റതിനാൽ അബോധാവസ്ഥയിലായിരുന്നു ഉമ തോമസ്. നിരവധി കോൺ​ഗ്രസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

Story Highlights : Uma Thomas under observation of expert doctors after serious injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here