അതിതീവ്ര വലത് പാര്‍ട്ടി എഎഫ്ഡിയ്ക്കുള്ള മസ്‌കിന്റെ പിന്തുണ; വിമര്‍ശിച്ച് ജര്‍മനി

ജര്‍മനിയിലെ തീവ്ര വലത് പാര്‍ട്ടിക്കായി ജര്‍മനിയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ഇലോണ്‍ മസ്‌ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. തീവ്ര വലത് പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്കുവേണ്ടി (എഎഫ്ഡി) മസ്‌ക് ഇടപെടുന്നതായി ജര്‍മന്‍ സര്‍ക്കാരിന്റെ വക്താവ് ക്രിസ്ത്യന്‍ ഹോഫ്മാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എഎഫ്ഡിയ്‌ക്കൊപ്പം നില്‍ക്കണമെന്ന് മസ്‌ക് നിരന്തരം അഭ്യര്‍ത്ഥിക്കുന്നുവെന്നാണ് ജര്‍മന്‍ സര്‍ക്കാരിന്റെ ആരോപണം. (Berlin accuses Elon Musk of trying to influence German election)
തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് എഎഫ്ഡിയ്ക്ക് വേണ്ടി മസ്‌ക് ഏറ്റവുമധികം വാദിക്കുന്നത്. കഴിഞ്ഞ ദിവസം ജര്‍മന്‍ ചാന്‍സലറായ ഒലാഫ് ഷോള്‍സിനെ ‘വിഡ്ഢി’ എന്ന് പോലും മസ്‌ക് വിളിച്ചിരുന്നു. ഫെഡറല്‍ അധികാരികള്‍ തീവ്രവാദ പാര്‍ട്ടിയായി കണക്കാക്കുന്ന എഎഫ്ഡിയ്ക്കുവേണ്ടിയുള്ള മസ്‌കിന്റെ ആഹ്വാനങ്ങള്‍ ജര്‍മനിയില്‍ വളരെ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്നാണ് ഭരണകൂടത്തിന്റെ വിമര്‍ശനം.
സാമ്പത്തികമായി തകര്‍ന്ന ജര്‍മനിയിലെ രക്ഷിക്കാന്‍ ഇനി എഎഫ്ഡിക്ക് മാത്രമേ സാധിക്കൂവെന്ന് ഇലോണ്‍ മസ്‌ക് എക്‌സിലൂടെ തുറന്നുപറഞ്ഞിരുന്നു. എഎഫ്ഡി മാത്രമാണ് ജര്‍മന്‍ ജനതയ്ക്ക് മുന്നിലുള്ള പ്രതീക്ഷയുടെ അവസാന വെളിച്ചമെന്ന് മറ്റൊരു പോസ്റ്റിലൂടെ മസ്‌ക് ആവര്‍ത്തിച്ചിരുന്നു. എഎഫ്ഡിക്ക് മാത്രമേ ജര്‍മനിക്ക് സാമ്പത്തികമായ പുരോഗതിയും സാംസ്‌കാരികമായ ഔന്നത്യവും സാങ്കേതികമായ നവീകരണവും ഉറപ്പാക്കാന്‍ സാധിക്കൂവെന്നാണ് മസ്‌കിന്റെ അഭിപ്രായം. ജര്‍മ്മനിയിലെ തന്റെ നിക്ഷേപം രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം തനിക്ക് നല്‍കുന്നുണ്ടെന്നും മസ്‌ക് ആവര്‍ത്തിച്ചിരുന്നു.
Story Highlights : Berlin accuses Elon Musk of trying to influence German election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here