Advertisement

തിരഞ്ഞെടുപ്പുകളുടെ 2024; ലോകനേതാക്കൾക്ക് കാലിടറിയപ്പോൾ ഗ്യാരന്റിയുമായി മോദി

December 30, 2024
2 minutes Read
modi

സാമ്പത്തിക അനിശ്ചിതത്വം, യുദ്ധം, അതിര്‍ത്തികളിലെ അരക്ഷിതാവസ്ഥ, എഐയുടെ ഏറിവരുന്ന സ്വാധീനം, സോഷ്യൽ മീഡിയയുടെ അതിപ്രസരം…. എന്നിങ്ങനെ സംഭവബഹുലമായ വര്‍ഷമായിരുന്നു 2024. 70ലധികം രാജ്യങ്ങളാണ് 2024-ൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. യുഎസ് പോലെ ചില രാജ്യങ്ങൾ വലത്തോട്ടും യു.കെ, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങൾ ഇടത്തോട്ടും തിരിഞ്ഞു. ഫ്രാൻസടക്കം ചില രാജ്യങ്ങളിൽ നേതാക്കൾ കസേര നിലനി‍ര്‍ത്തിയെങ്കിലും രാഷ്ട്രീയ പ്രതിസന്ധി ഒഴിയാബാധയായി. ആകെമൊത്തം ലോകനേതാക്കൾക്ക് തിരിച്ചടി നേരിട്ട വര്‍ഷമെന്ന് പൊതുവിൽ വിലയിരുത്താം. എന്നാൽ, ഇതിന് വിരുദ്ധമായിരുന്നു ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പും മോദി സര്‍ക്കാരിന്റെ മൂന്നാമൂഴവും.

മോദിയെന്ന ​ഗ്യാരന്റി

ഇൻഡ്യ മുന്നണിയുടെ വരവിൽ അൽപമൊന്ന് കിതച്ചെങ്കിലും മോദിയും കൂട്ടരും 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ഫിനിഷിങ് ലൈൻ തൊട്ടത് ആവേശോജ്ജ്വലമായി തന്നെയാണ്. 2014ലും 2019ലും ബിജെപി ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടിയെങ്കിലും ഇക്കഴിഞ്ഞ തിര‍ഞ്ഞെടുപ്പിൽ 240 സീറ്റുകളാണ് ലഭിച്ചത്. ഭരണവിരുദ്ധ വികാരങ്ങളിൽ ഉലയാതെ പിടിച്ചുനിന്ന ലോകനേതാക്കളുടെ പട്ടികയിൽ മോദിയുടെ സ്ഥാനം മുൻപന്തിയിലാണ്.

പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനു ശേഷം ഇന്ത്യയിൽ തുടർച്ചയായി മൂന്നാം വട്ടം അധികാരത്തിലെത്തുന്നയാളാണ് നരേന്ദ്രമോദി. മൂന്നാമതും അധികാരത്തിലെത്തുന്ന ആദ്യ കോൺഗ്രസ് ഇതര നേതാവു കൂടിയാണു മോദി. അടൽ ബിഹാരി വാജ്‍പേ‌യിയും നരേന്ദ്ര മോദിയുമാണ് കൂടുതൽ കാലം അധികാരത്തിലിരുന്ന ബിജെപി (എൻഡിഎ) പ്രധാനമന്ത്രിമാർ. വാജ്‌പേയി 1996, 1998–2004 ടേമുകളിലായി 6 വർഷവും 80 ദിവസവും പ്രധാനമന്ത്രിയായി. 2014 മുതൽ അധികാരത്തിലുള്ള മോദി 10 വർഷം പിന്നിട്ടു.

വികസിത ഭാരതമെന്ന സ്വപ്നത്തിലേക്കുള്ള യാത്രയില്‍ അടുത്ത അഞ്ച് വര്‍ഷം പ്രധാന പങ്ക് വഹിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അധികാരം ആസ്വദിക്കാനല്ല മൂന്നാമൂഴമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയതാണ്. തന്റെ വീടിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് താന്‍ വീട് നിര്‍മിച്ച് നല്‍കില്ലായിരുന്നുവെന്നും പാവപ്പെട്ട കുട്ടികളുടെ മികച്ച ഭാവിക്ക് വേണ്ടിയാണ് താന്‍ ജീവിക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. മൂന്നാം വട്ടവും വലിയ തീരുമാനങ്ങളിലൂടെ രാജ്യത്തിന്റെ യശസ് ഉയര്‍ത്തുമെന്ന് തന്നെയാണ് മോദിയുടെ ​ഗ്യാരന്റി.

ഭരണകക്ഷികളെ കൈവിടാതെ ഈ രാജ്യങ്ങൾ

തായ്വാനാണ് ഭരിക്കുന്ന പാര്‍ട്ടിക്കൊപ്പം നിന്ന മറ്റൊരു രാജ്യം. 2024 ജനുവരി 13ന് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയും അമേരിക്കൻ അനുകൂലികളുമായ ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടിയുടെ വില്ല്യം ലായ് ചിങ് തെയ്ക്കായിരുന്നു ജയം. ചൈനയുമായി മികച്ച ബന്ധം പുലർത്തുന്ന കെ.എം.ടിയുടെ ഹോ ഈയെ ആണ് വില്ല്യം ലായ് പരാജയപ്പെടുത്തിയത്. തായ്‍വാന്റെ ചരിത്രത്തിൽ ആദ്യമായി അഞ്ച് ദശലക്ഷം വോട്ടുകൾ നേടിയാണ് വില്ല്യം ലായുടെ ജയം.

തായ്‌വാനെക്കൂടി ഉൾപ്പെടുത്തിയുള്ള ഏക ചൈന നയം മുന്നോട്ടുവെക്കുന്ന ബെയ്ജിങ്ങിന് ഇത് തിരിച്ചടിയായിരുന്നു. ലായുടെ വിജയത്തിന് പിന്നാലെ, ഏത് വിധേനയും വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് യു.എസിനെ ചൈന അറിയിക്കുകയും ചെയ്തിരുന്നു. ആ പറഞ്ഞതുപോലെ തന്നെ തായ്വാന് ചുറ്റും സൈനിക നടപടികൾ ശക്തമാക്കിയിരിക്കുകയാണ് ചൈന. കൊച്ചു ദ്വീപിനെ വട്ടമിടുകയാണ് ചൈനീസ് യുദ്ധക്കപ്പലുകളും സൈനിക വിമാനങ്ങളും.

ഇന്തോനേഷ്യയിൽ ഫെബ്രുവരിയിൽ നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മുൻ സെൻട്രൽ ജാവ ഗവർണർ ഗഞ്ചാർ പ്രണോവോയും മുൻ പ്രസിഡന്റ് ജോക്കോ വിഡോഡോ സര്‍ക്കാറിൽ പ്രതിരോധ മന്ത്രിയും വിരമിച്ച ജനറലുമായ പ്രബോവോ സുബിയാന്തോയും തമ്മിലായിരുന്നു കടുത്ത മത്സരം നടന്നത്. ഫലം വന്നപ്പോൾ 96.2 ദശലക്ഷം വോട്ടുകൾ നേടി വിജയം പ്രബോവോ സുബിയാന്തോയ്ക്കായിരുന്നു.

പുടിന്റെ റഷ്യയും തിരഞ്ഞെടുപ്പ് പ്രഹസനവും

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഫലം പ്രവചനീയമായ ചില തിരഞ്ഞെടുപ്പുകളും 2024ൽ നമ്മെ കടന്നുപോയി. അതിൽ പ്രധാനമാണ് റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തി 24 വര്‍ഷം പിന്നിട്ടിരിക്കുകയാണ് റഷ്യയിൽ പുടിന്റെ ഭരണം. രണ്ടു വര്‍ഷം പിന്നിട്ട യുക്രൈൻ യുദ്ധത്തിന്റേയും പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ ദുരൂഹ മരണത്തിന്റേയും പശ്ചാത്തലത്തിലായിരുന്നു റഷ്യൻ ജനത മാര്‍ച്ച് 15ന് വിധിയെഴുതിയത്. എതിരാളികളില്ലാത്ത അഞ്ചാം വിജയം പ്രതീക്ഷിച്ച് തന്നെയാണ് പുടിൻ തിരഞ്ഞെടുപ്പ് ​ഗോദയിലിറങ്ങിയത്. 87.97 ശതമാനം വോട്ടുകൾ നേടി പുടിൻ വീണ്ടും അധികാരത്തിലേറുകയും ചെയ്തു.

സ്വതന്ത്രസ്ഥാനാർഥിയായാണ് പുടിൻ മത്സരിച്ചത്. നിക്കോളായ് ഖരിറ്റനോവ് (റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി), ലിയോനിഡ് സ്ലട്സ്കി (നാഷണലിസ്റ്റ് ലിബറൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് റഷ്യ), വ്ലാഡിസ്ലാവ് ഡാവൻകോവ് (ന്യൂ പീപ്പിൾ പാർട്ടി) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. മൂവരും പുടിൻ്റെ അടുത്ത സുഹൃത്തുക്കളാണ്. മാത്രവുമല്ല യുക്രൈൻ യുദ്ധമുൾപ്പടെയുള്ള ക്രെംലിൻ പോളിസികളെ അനുകൂലിക്കുന്നവരുമാണ്. തെരഞ്ഞെടുപ്പ് നാടകത്തിലെ കരുക്കൾ മാത്രമാണ് ഇവരെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

2024 മാ‍ര്‍ച്ച്- ഏപ്രിൽ മാസത്തിലായിരുന്നു യുക്രൈനിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ റഷ്യൻ അധിനിവേശത്തെ തുടര്‍ന്ന് പട്ടാള നിയമത്തിന്റെ കാലാവധി നീട്ടിയിരുന്നു. ഇത് അവസാനിക്കുന്നത് 2025 ഫെബ്രുവരി ഏഴിനാണ്.

Read Also: ഇൻഷുറൻസ് തുക കിട്ടാൻ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം; രൂപസാദൃശ്യമുള്ളയാളെ കാറിലിട്ട് ജീവനോടെ കത്തിച്ചു

ഇറാനിലെ ഇടക്കാല തിരഞ്ഞെടുപ്പ്

പ്രസിഡന്റ് ഇബ്രാഹിം റഈസി ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് ഇറാൻ ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് കടന്നത്. ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിൽ റിഫോമിസ്റ്റ് സ്ഥാനാർഥിയായ മസൂദ് പെസഷ്കിയാനായിരുന്നു ജയം. വോട്ടെടുപ്പിൽ മിതവാദിയായ പാർലമെന്റ് അംഗം മസൂദ് പെസഷ്കിയാന് 1.6 കോടി വോട്ടുകളും യാഥാസ്ഥിതികപക്ഷ സ്ഥാനാർഥി സയീദ് ജലീലിക്ക് 1.3 കോടി വോട്ടുകളുമായിരുന്നു ലഭിച്ചത്.

കുറച്ചുവർഷങ്ങളായി ഇറാനിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യുന്നവരുടെ എണ്ണം വളരെ കുറഞ്ഞുവരികയാണ്. 2021ലെ തിരഞ്ഞെടുപ്പിൽ 48% പേർ മാത്രമാണ് വോട്ടു രേഖപ്പെടുത്തിയത്. മാർച്ചിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് വെറും 41% പേർ മാത്രമായിരുന്നു. ഇബ്രാഹിം റഈസിയുടെ മരണത്തിന് പിന്നാലെ ജൂൺ 28നായിരുന്നു പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ആദ്യം വോട്ടെടുപ്പ് നടന്നത്. എന്നാൽ ഇതിൽ 1979ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷം, രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന വോട്ടിങ് ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. ഒരു സ്ഥാനാർഥിക്കും ജയത്തിനാവശ്യമായ 50% വോട്ടു കിട്ടാത്തതിനെ തുടർന്ന് ജൂലൈയിൽ വീണ്ടും വോട്ടെടുപ്പ് നടത്തുകയായിരുന്നു.

യു.എസിൽ കമലയെ വെട്ടി ട്രംപിന്റെ ജനകീയ വിജയം

2024 നവംബറിൽ നടന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 7,72,97,721 വോട്ടുകളും 312 ഇലക്ടറൽ വോട്ടുകളും സ്വന്തമാക്കിയാണ് ട്രംപ് വൈറ്റ് ഹൗസിലെത്തുന്നത്. രണ്ട് ദശാബ്ദത്തിനൊടുവിൽ ജനകീയ വോട്ടുകൾ നേടി വിജയിക്കുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ് ട്രംപ്. 2004ൽ ജോർജ് ഡബ്ല്യു.ബുഷ് ആയിരുന്നു ഇതിനു മുൻപ് ജനകീയ വോട്ടുകൾ നേടിയ റിപ്പബ്ലിക്കൻ സ്ഥാനാർഥി.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിൽ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ നിഷ്പ്രഭമാക്കിയായിരുന്നു ട്രംപിന്റെ മുന്നേറ്റം. ബൈഡന്റെ നയങ്ങൾ തുടരുമെന്ന കമലയുടെ പ്രഖ്യാപനമാണ് ഡെമോക്രാറ്റിക് പാർട്ടിക്ക് ക്ഷീണമായത്. പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കിനെപ്പോലും ഇത് ഉലച്ചു.

പണപ്പെരുപ്പവും അതുമൂലമുള്ള വിലക്കയറ്റവും സാധാരണജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കിയതായിരുന്നു തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രധാന പ്രചാരണായുധം. നിയമവിരുദ്ധ കുടിയേറ്റവും സാമൂഹിക പ്രശ്നങ്ങളും ചര്‍ച്ചാവിഷയമായി. കൂടാതെ യുക്രൈൻ- റഷ്യ യുദ്ധവും ​ഗസ്സയിലെ ഇസ്രായേൽ അധിനിവേശവും തെരഞ്ഞെടുപ്പിൽ നിര്‍ണായകമായി. യുക്രൈൻ യുദ്ധത്തിൽ രാജ്യത്തിനു മെച്ചമൊന്നുമില്ലാത്ത സൈനിക- സാമ്പത്തിക സഹായമൊഴുകുന്നതിൽ അമേരിക്കൻ ജനത അസ്വസ്ഥരായിരുന്നു. ഗാസയിലും ലെബനനിലും യുദ്ധം ചെയ്യുന്ന ഇസ്രയേലിനെ പിന്തിരിപ്പിക്കുന്നതിൽ ജോ ബൈഡൻ പരാജയപ്പെട്ടതായും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

സ്ഥിരതയില്ലാത്തതും തുടര്‍ച്ചയില്ലാത്തതുമായ നയങ്ങളായിരുന്നു ഒന്നാമൂഴത്തിൽ ട്രംപിനെതിരായ വിമര്‍ശനം. വിദേശ നയത്തിലെ വ്യതിയാനങ്ങളും തിരിച്ചടിയായി. എന്നാൽ, ആദ്യ ടേമിലേതുപോലെ സമാധാനപ്രിയനായ പ്രസിഡന്റായിരിക്കില്ല രണ്ടാം ടേമിൽ താനെന്ന് ട്രംപ് പറയാതെ പറയുന്നുണ്ട്. സമീപകാലത്തെ ചില പ്രഖ്യാപനങ്ങൾ അതിന്റെ ഭാ​ഗമായി കാണേണ്ടിവരും.

അസ്ഥിരമായ ദക്ഷിണേഷ്യ

സംഭവ ബഹുലമായിരുന്നു ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പ് കാലം. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കൈകാലിട്ടടിക്കുന്ന ശ്രീലങ്ക ചുവക്കുന്ന കാഴ്ചയാണ് 2024 ൽ കണ്ടത്. മാര്‍ക്‌സിസ്റ്റ് കക്ഷിയായ ജനത വിമുക്തി പെരുമുനയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവറിന്റെ (എന്‍.പി.പി) സ്ഥാനാര്‍ഥിയായ അനുര കുമാര ദിസനായകെയാണ് ജയിച്ചുകയറിയത്. നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയെയും പ്രതിപക്ഷനേതാവും സമാഗി ജന ബലവേഗയയുടെ (എസ്.ജെ.ബി.) സ്ഥാനാര്‍ഥിയുമായ സജിത്ത് പ്രേമദാസയെയുമാണ് ദിസനായകെ പിന്നിലാക്കിയത്.

2022-ല്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ വീഴുകയും പ്രസിഡന്റ് ഗോതാബയ രാജപക്സെ നാടുവിടുകയും ചെയ്തശേഷം ആദ്യം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു 2024 സെപ്തംബറിലേത്. രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കുമെന്നും നികുതി കുറയ്ക്കുമെന്നുമുള്ള വാ​ഗ്ദാനങ്ങളുമായാണ് ദിസനായകെ രം​ഗത്തെത്തിയത്. ലങ്കയില്‍ വന്‍ പൊളിച്ചെഴുത്ത് നടപ്പാക്കുമെന്ന് പറയുമ്പോഴും ജനത വിമുക്തി പെരുമുനയുടെ ചൈനീസ് അനുകൂല നിലപാട് ഇന്ത്യയ്ക്ക് അത്ര ഗുണകരമായേക്കില്ല.

രാഷ്ട്രീയ അസ്ഥിരതയ്ക്കൊടുവിലാണ് പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടന്നത്. 2024 ഫെബ്രുവരിയിലായിരുന്നു വോട്ടെടുപ്പ്. പാകിസ്താൻ തെഹ്‌രീകെ ഇൻസാഫിൻ്റെ (പി.ടി.ഐ) പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനെത്തുടർന്ന് രണ്ട് വർഷത്തെ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടന്നത്.

ബം​ഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യംവിട്ട സാഹചര്യത്തിലാണ് 2024 ആഗസ്തിൽ ഇടക്കാല സർക്കാർ ചുമതലയേറ്റത്. നൊബേൽ സമ്മാന​ ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചം​ഗ ഉപദേശക കൗണ്‍സിലാണ് അധികാരത്തിലെത്തിയത്. എന്നാൽ, രാഷ്ട്രീയ അനിശ്ചിതത്വം മുറുകുന്ന ബംഗ്ലാദേശിൽ 2025 അവസാനമോ 2026 ആദ്യപകുതിയിലോ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനസ് പ്രഖ്യാപിച്ചിരുന്നു.

ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കാജനകമായ റിപ്പോര്‍ട്ടുകളാണ് ബം​ഗ്ലാദേശിൽ നിന്ന് പുറത്തുവരുന്നത്. പാകിസ്താനോട് കൂടുതൽ അടുക്കുന്നതും രാഷ്ട്രീയ സാഹചര്യങ്ങൾ വഷളാക്കുന്നുണ്ട്. 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിലേറ്റ മുറവായിരുന്നു ബം​ഗ്ലാദേശും പാകിസ്താനും തമ്മിലുള്ള അകല്‍ച്ചയുടെ മൂലകാരണം. ഷെയ്ഖ് ഹസീനയുടെ കാലത്ത് പാകിസ്താനെ ബം​ഗ്ലാദേശ് പരമാവധി അകറ്റി നിര്‍ത്തുകയും ഇന്ത്യയോട് കൂടുതൽ കൂറ് പുലര്‍ത്തുകയും ചെയ്തിരുന്നു.

2024 ജൂലൈയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ പുഷ്പ കമാൽ ദഹൽ (പ്രചണ്ഡ) സർക്കാർ പരാജയപ്പെട്ടതിനു പിന്നാലെയാണ് നേപ്പാൾ യൂണിഫൈഡ് മാ‍ർക്സിസ്റ്റ് ലെനിനിസ്റ്റ് (സി.പി.എൻ–യു.എം.എൽ) അധ്യക്ഷനായ കെ.പി. ശർമ ഓലി നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഇതു നാലാം തവണയാണ് കെ.പി. ഓലി നേപ്പാളിന്റെ പ്രധാനമന്ത്രി പദവിയിലെത്തുന്നത്. പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ നേപ്പാളി കോൺഗ്രസിന്റെ പിന്തുണയോടെയായിരുന്നു ജയം.

മാലിദ്വീപിൽ, 2024 ഏപ്രിലിൽ നടന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മുഹമ്മദ് മുയിസ്സുവിൻ്റെ നേതൃത്വത്തിലുള്ള പീപ്പിൾസ് നാഷണൽ കോൺഗ്രസ് മികച്ച ഭൂരിപക്ഷം നേടി. ശക്തമായ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിലൂടെയാണ് പാർട്ടി അധികാരത്തിലെത്തിയത്. 2023-ല്‍ ‘ഇന്ത്യ ഔട്ട്’ ക്യാംപയിന്‍ നടത്തി അധികാരത്തില്‍ വന്ന നേതാവാണ് മുഹമ്മദ് മുയിസ്സു. ചൈനയോടുള്ള മുയിസ്സുവിന്റെ അതിരുകവിഞ്ഞ ചായ്‌വ് വൻ ച‍ര്‍ച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, സമീപകാലത്തായി ഇന്ത്യയുമായുള്ള നഷ്ടപ്പെട്ട ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മുയിസ്സു. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായതടക്കം ഇതിന് കാരണമായി.

ബ്രിട്ടൻ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ പുറത്താക്കിയാണ് ലേബർ പാർട്ടി അധികാരത്തിലെത്തിയത്. ഭരണ കാലാവധി പൂർത്തിയാകും മുമ്പ് 2024 ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനകിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടായിരുന്നു ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമറിന്റെ വിജയം.

ദക്ഷിണാഫ്രിക്കയിൽ 30 വർഷത്തിനിടെ ആദ്യമായി ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന് ദേശീയ അസംബ്ലിയിൽ ഒറ്റയ്ക്കു ഭൂരിപക്ഷം നഷ്ടമാകുന്ന കാഴ്ചയാണ് കണ്ടത്. ആഫ്രിക്കൻ നാഷണൽ കോൺഗ്രസും ഡെമോക്രാറ്റിക് അലയൻസും ചേർന്നുണ്ടാക്കിയ സഖ്യമാണ് നിലവിൽ ഭരണത്തിൽ.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും സാങ്കേതികവിദ്യയുടെയും വർധിച്ചുവരുന്ന സ്വാധീനം 2024 ലെ തിരഞ്ഞെടുപ്പുകളിൽ നി‍ര്‍ണായകമായിരുന്നു. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയ വഹിച്ച പങ്ക് ചെറുതല്ല. ഇതിന് ഇന്ധനം പകര്‍ന്ന് ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ അനിയന്ത്രിത കടന്നുകയറ്റവുമുണ്ടായി. സാമ്പത്തിക സമ്മർദ്ദങ്ങൾ, സാങ്കേതിക തടസ്സങ്ങൾ, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ തുടങ്ങി സങ്കീര്‍ണമായ ഭരണകാലയളവ് തന്നെയാണ് വരും വര്‍ഷത്തിലും ലോകനേതാക്കളെ കാത്തിരിക്കുന്നത്.

Story Highlights : Elections 2024, Modi with guarantee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top